ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടേയും മകള്‍ വൈഭവിയുടേയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധു നല്‍കിയ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. വിപഞ്ചികയുടേയും മകളുടേയും മൃതദഹേങ്ങള്‍ ഷാര്‍ജയില്‍ സംസ്‌കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതിന്റെ കാരണമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു.
മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കാന്‍ ഉത്തരവിടാനാകുമെന്നും ഹൈക്കോടതി ആരാഞ്ഞു. ഭര്‍ത്താവിനല്ലേ നിയമപരമായ അവകാശമെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ജിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെ കക്ഷി ചേര്‍ക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഭര്‍ത്താവിന്റെയും എംബസിയുടേയും നിലപാട് അറിയണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് എന്‍ നഗരേഷാണിന്റേതാണ് നടപടി.
വിപഞ്ചികയുടേയും മകളുടേയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരിയാണ് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റി.
ജൂലൈ എട്ടിനായിരുന്നു വിപഞ്ചികയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് വിപഞ്ചിക എഴുതിയിരുന്നു. ഭര്‍ത്താവിന്റെ പിതാവില്‍ നിന്നുണ്ടായ മോശം അനുഭവം അടക്കം വിപഞ്ചിക കുറിച്ചിരുന്നു. വിപഞ്ചികയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് നിധീഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.