സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കാനാവില്ലെന്ന് ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ വാദമുഖങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീർഘ, ഹ്രസ്വ ദൂര യാത്രകളിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്ന നിരവധിപ്പേർക്ക് ബാധകമാവുന്നതാണ് തീരുമാനം. പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ തീരുമാനം. കേരള സർക്കാരാണ് കേസിൽ എതിർസ്ഥാനത്തുള്ളത്.
പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് തിരുവനന്തപുരം കോർപറേഷനും സംസ്ഥാന സർക്കാരിനോടാവശ്യമുന്നയിച്ചിരുന്നു.
സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതുശൗചാലയമായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവശ്യ സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനായാണ് പെട്രോൾ പമ്പുകളിൽ ശുചിമുറികൾ നിർമ്മിച്ചിട്ടുള്ളതെന്നും പരാതിക്കാർ ഹർജിയിൽ വിശദമാക്കി.
തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷനും മറ്റ് ചില പ്രാദേശിക ഭരണകൂടങ്ങളും പൊതുജനങ്ങൾക്ക് ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഹർജിയെന്നാണ് പരാതിക്കാർ പറയുന്നത്.