കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളില്‍ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസ് പ്രായമുള്ള കുട്ടിയും. മരിച്ചവരുടെ സ്ഥലവും പേരും വയസും പുറത്ത് വിട്ടിട്ടുണ്ട്. പാലക്കാട് നിന്നുള്ള റിയ ആന്‍ (41), ടൈറ റോഡ്രിഗ്‌സ് (8), തൃശൂരില്‍ നിന്നുള്ള ജസ്‌ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (18 മാസം), തിരുവനന്തപുരത്ത് നിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.
ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് മലയാളികളടക്കം ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലായിരുന്നു അപകടം
മഴയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റവരെ ന്യാഹുരു കൗണ്ടി റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മസായി മാരാ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍. ബസ് ഏകദേശം 10 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്.
കുത്തനെ ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. നിയന്ത്രണംവിട്ട ബസ് പലതവണ മലക്കംമറിഞ്ഞാണ് താഴ്ചയിലേക്ക് പതിച്ചത്. നൂറ് മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.