കോഴിക്കോട്: നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഷയത്തില്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറാകാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അന്‍വറുമായി കൂടിക്കാഴ്ച്ചയില്ലെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് വെട്ടിത്തുറന്ന് പറഞ്ഞു. അന്‍വറിനെ താന്‍ കാണുമെന്ന് ആര് പറഞ്ഞെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. എല്ലാം ഭാവന സൃഷ്ടികള്‍ മാത്രമാണെന്നും പറയേണ്ട കാര്യം താന്‍ ഉച്ചയ്ക്ക് പറഞ്ഞിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ തുറന്നടിച്ചു. കേരളത്തിലെ കൊള്ളാവുന്ന നേതൃത്വം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ച റദ്ദാക്കിയത് അവസാന നിമിഷം എന്നാണ് പി വി അന്‍വര്‍ പ്രതികരിച്ചിരിക്കുന്നത്. അഞ്ചു മണിക്ക് കോഴിക്കോട് എത്താനായിരുന്നു നിര്‍ദ്ദേശം. അഞ്ചു മണി മുതല്‍ കെസി വേണുഗോപാലിനെ കാണാന്‍ കാത്തിരുന്നുവെന്നും ഇപ്പോഴും കോഴിക്കോട് കാത്തിരിക്കുന്നതായും പി വി അന്‍വറും പ്രതികരിച്ചു. അന്‍വര്‍ കോഴിക്കോട് ടൗണില്‍ തുടരുന്നുണ്ടെങ്കിലും കൂടിക്കാഴ്ച്ച ഇതുവരെ നടന്നിട്ടില്ല. കെ സി വേണുഗോപാല്‍ ഉടന്‍ തന്നെ ഡല്‍ഹിയിലേക്ക് മടങ്ങും.
ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച അന്‍വര്‍ കെ സി വേണുഗോപാലിലാണ് ഇനി തന്റെ പ്രതീക്ഷയെന്നും വ്യക്തമാക്കിയിരുന്നു. യുഡിഎഫുമായി സഹകരിക്കുന്നതില്‍ അന്‍വര്‍ വ്യക്തത വരുത്തട്ടെ എന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകളായിരുന്നു അന്‍വറിനെ ചൊടിപ്പിച്ചത്.
വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ മണ്ഡലത്തില്‍ അന്‍വറിനെ പിന്തുണച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. യുഡിഎഫ് പ്രവേശനത്തിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പിവി അന്‍വര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉച്ചയ്ക്ക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.