പശുക്കച്ചവടം കോടതി കയറിയ കഥയാണ് ഇത്. കാസർകോടാണ് ഈ സംഭവമെല്ലാം നടക്കുന്നത്. അവിടുത്തുകാരനായ മത്തായി ഒരു പശുവിനെ വാങ്ങുന്നു. ദിവസേന 18 ലിറ്റർ പാലു കിട്ടുമെന്ന അതേ ജില്ലക്കാരനായ ഗണേഷ് റാവുവിന്റെ ഉറപ്പിലാണ് അയാളിൽ നിന്ന് ആ ഗർഭണിയായ പശുവിനെ മത്തായി 36,500 രൂപ നൽകി വാങ്ങുന്നത്. എന്നാൽ പശു പ്രസവിച്ചതോടെ ഇതെല്ലാം കളവായിരുന്നെന്നും താൻ പറ്റിക്കപ്പെട്ടുവെന്നും മത്തായിക്ക് മനസ്സിലായി.
കിട്ടിയത് വെറും രണ്ട് ലിറ്റർ പാലുമാത്രം. അതും പോരാഞ്ഞ്, പശു ആണെങ്കിൽ ഒരു രീതിയിലും സഹകരിക്കാത്ത സ്വഭാവവും കാണിച്ചു തുടങ്ങി. അടുത്തുവരുന്നവരെ തൊഴിച്ചെറിയും കിടാവിന് പോലും പശു പാലു കൊടുക്കാത്ത അവസ്ഥ.
സഹികെട്ട മത്തായി ഗണേഷ് റാവുവിന്റെ വീട്ടിൽ പോയി പരാതി പറഞ്ഞു. മത്തായിക്കെതിരെ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് ഗണേഷ് റാവുവും കുടുംബവും പരാതി നൽകി. പിന്നീട് പൊലീസിന്റെ മധ്യസ്ഥതയിൽ പശുവിനെ വീട്ടിൽ കൊണ്ടു വന്നാൽ കറന്ന് കാണിക്കാമെന്ന് ഗണേഷ് റാവു, അവസാനം മത്തായി ഗണേഷ് റാവുവിന്റെ വീട്ടിൽ പശുവുമായി എത്തി. ഇതോടെ പശുവിനെയും കുഞ്ഞിനെയും ഇനി വിട്ടുതരില്ലെന്നായി റാവുവും കുടുംബവും.
മത്തായി പൊലീസിന്റെ നിർദേശത്തെ തുടർന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചു. പക്ഷേ റാവു ഹാജരാകാൻ തയ്യാറായില്ല. പിന്നീട് മത്തായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചു. അവിടെ വച്ച് വളരെ വിചിത്രമായ വാദമാണ് റാവു ഉന്നയിച്ചത്. അങ്ങനൊരു പശുകച്ചവടം നടന്നിട്ടില്ലെന്നായിരുന്നു റാവുവിന്റെ വാദം. പക്ഷെ അത് വില പോയില്ല. കമ്മീഷൻ മത്തായിക്ക് അനുകൂലമായി വിധിച്ചു. പശുവിനായി മത്തായി ചിലവാക്കിയ തുക തിരികെ നൽകാൻ മാത്രമല്ല, നഷ്ടപരിഹാരവും ഒപ്പം കേസിന്റെ നടത്തിപ്പിനായി ചിലവായി തുകയും കൊടുക്കാൻ റാവുവിനോട് നിർദ്ദേശിച്ചു.
റാവു ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ റാവു അപ്പീൽ നൽകി. മത്തായിയുടെ പരാതിയെ ഇവിടെയും റാവു നിഷേധിച്ചു. പശുവിനെ വാങ്ങിയത് തെളിയിക്കാൻ മത്തായിക്ക് ഒരു രസീതും ഹാജരാക്കാൻ കഴിയില്ലെന്നും സേവനത്തിലെ പോരായ്മ നിർണ്ണയിക്കാൻ അദ്ദേഹത്തിന്റെ വാമൊഴി തെളിവുകൾ മാത്രം പര്യാപ്തമല്ലെന്നും റാവു വാദിച്ചു.
എന്നാൽ, പശുവിനെ വാങ്ങുന്നത് പോലുള്ള ഇടപാടുകളിൽ രേഖാമൂലമുള്ള തെളിവുകൾ നിർബന്ധിക്കാൻ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. മത്തായിയിൽ നിന്ന് റാവു വാങ്ങിയ 36,500 രൂപ തിരികെ നൽകാനും, നഷ്ടപരിഹാരമായി 15,000 രൂപയും, കോടതി ചെലവായി 5,000 രൂപയും നൽകാനും നിർദ്ദേശിച്ച ജില്ലാ ഫോറത്തിന്റെ ഉത്തരവ് സംസ്ഥാന കമ്മീഷൻ ശരിവച്ചു.