കന്നഡ ഭാഷയെ അപമാനിച്ചെന്ന വിവാദത്തിൽ നടൻ കമൽഹാസന് കോടതിയുടെ രൂക്ഷവിമർശനം നടത്തിയിരുന്നു എന്നാൽ ഈ പരാമർശങ്ങൾ ദുരുദ്ദേശ്യത്തോടെയല്ലെന്നും തമിഴും മലയാളവും ഉൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളെല്ലാം ഒരേ കുടുംബത്തിൽ നിന്നുള്ളതാണെന്ന കാര്യമാണ് താൻ പറഞ്ഞതെന്നും അതിനാൽ മാപ്പു പറയാൻ തയാറല്ലെന്നും ഇപ്പോൾ നടൻ നിലപാടറിയിച്ചിരിക്കുകയാണ്.
വിവാദത്തെത്തുടർന്ന് കമലിന്റെ പുതിയ ചിത്രം തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചിരുന്നു. റിലീസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷനൽ സമർപ്പിച്ച ഹർജിയിൽ കോടതി വാദം കേൾക്കുമ്പോഴായിരുന്നു കമൽ നിലപാടറിയിച്ചത്.
മാപ്പ് പറയുന്നുണ്ടോ ഇല്ലയോ എന്ന ഒറ്റച്ചോദ്യമാണ് കോടതി ചോദിച്ചത്. മാപ്പ് പറയില്ലെന്ന കമലിന്റെ നിലപാട് അഭിഭാഷകൻ ധ്യാൻ ചിന്നപ്പ കോടതിയെ അറിയിച്ചു.
കമൽഹാസൻ കർണാടക ഫിലിം ചേംബറിനു നൽകിയ കത്ത് അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. അതിൽ, കമലിന് കന്നഡിഗരോടുള്ള അടുപ്പവും സ്നേഹവുമൊക്കെ വിശദീകരിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. ഒരു കാര്യം വിശദീകരിക്കുന്നതിനു പല വഴികളുണ്ടെന്നും എന്നാൽ മാപ്പ് പറയുന്നതിന് ഒറ്റ മാർഗമേയുള്ളുവെന്നും പറഞ്ഞ കോടതി, മാപ്പ് പറയുന്നുണ്ടോ എന്ന് എടുത്തു ചോദിച്ചു. അത്തരമൊരു കാര്യം നിർബന്ധിക്കേണ്ടതില്ലെന്നും സിനിമയുടെ റിലീസ് മാറ്റി വയ്ക്കാമെന്ന് കമൽ അറിയിച്ചുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് നീട്ടിവച്ച കോടതി ജൂൺ 10ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
‘‘വിഷയത്തിൽ ഒരു ക്ഷമാപണവും അദ്ദേഹം നടത്തുന്നില്ല. ഈ രാജ്യത്ത് സംസ്ഥാനങ്ങൾ രൂപീകരിച്ചിരിക്കുന്നത് ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതുപ്രവർത്തകന് അത്തരം പ്രസ്താവനകൾ നടത്താൻ കഴിയില്ല. കർണാടകയിലെ ജനങ്ങൾ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ നിങ്ങൾ സംരക്ഷണം തേടി ഇവിടെ വന്നിരിക്കുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ പ്രസ്താവന നടത്തിയത്, നിങ്ങൾ ഒരു ചരിത്രകാരനോ ഭാഷാശാസ്ത്രജ്ഞനോ ആണോ? എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ സംസാരിച്ചത്?’’ – കോടതി ചോദിച്ചു.
‘‘സ്വന്തം കലാസൃഷ്ടിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ സിനിമ കർണാടകയിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഉപേക്ഷിക്കൂ. ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനായി ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ അനുവദിക്കാൻ കഴിയില്ല. ആരുടെയും വികാരങ്ങളിലേക്ക് കൈകടത്താൻ ഞങ്ങൾ അനുവദിക്കില്ല. കോടതി കൂട്ടിച്ചേർത്തു .