നടി കരിഷ്മ കപൂറിന്റെ മുന്‍ഭര്‍ത്താവ് സഞ്ജയ് കപൂറിന്റെ (Sanjay Kapur) ആകസ്മിക മരണത്തിൽ നടുങ്ങിയിരിക്കുകയാണ് ബോളിവുഡ്. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സഞ്ജയ് മരിക്കുന്നത്, ഇംഗ്ലണ്ടില്‍ വച്ചായിരുന്നു മരണം. പോളോ കളിക്കുന്നതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങുകയും ഈച്ച തൊണ്ടയില്‍ കുത്തിയതോടെ ശ്വാസ തടസമുണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പിന്നീട് ഗ്രൗണ്ടിന് പുറത്തേക്ക് പോയ സഞ്ജയ് കപൂറിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിസിനസ് ഭീമനായ സഞ്ജയ് കപൂര്‍ മൊബിലിറ്റി ടെക്നോളജി കമ്പനിയായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനാണ്.
2003 ലാണ് സഞ്ജയ് കപൂറും കരിഷ്മ കപൂറും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 2014 ല്‍ കരിഷ്മ സഞ്ജയുമായുള്ള ബന്ധം വേര് പിരിയാന്‍ തീരുമാനിച്ചു. 2016 ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്.
സഞ്ജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് കോടതിയില്‍ കരിഷ്മ ഉന്നയിച്ചത്. കരിഷ്മയുമായി പിരിഞ്ഞ ശേഷം സഞ്ജയ് മോഡല്‍ പ്രിയ സച്ദേവിനെ വിവാഹം കഴിച്ചു. പ്രിയയ്ക്കും സഞ്ജയ്ക്കും രണ്ട് മക്കളാണുള്ളത്.
അടുത്തിടെ സഞ്ജയ് കരിഷ്മ കപൂറുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. ഈയ്യടുത്ത് ഇരുവരും ഒരുമിച്ച് ഡിന്നര്‍ കഴിക്കാനെത്തുന്ന വീഡിയോ വൈറലായിരുന്നു. മരിക്കുന്നതിന്റെ തൊട്ട് മുമ്പുള്ള സഞ്ജയ് കപൂറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധിക്കപ്പെടുന്നുണ്ട്. അഹമ്മദാബാദ് വിമാനദുരന്തത്തെക്കുറിച്ചായിരുന്നു സഞ്ജയ് കപൂറിന്റെ പോസ്റ്റ്.