ഋഷഭ് ഷെട്ടി (Rishab Shetty )നായകനാകുന്ന കാന്താര ചാപ്റ്റർ 1 (Kantara Chapter 1) നുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ആരംഭിച്ചത് മുതൽ ഈ സിനിമയെ അപകടങ്ങളും ദുരന്തങ്ങളും പിന്തുടരുകയാണ്. ഇപ്പോഴിതാ സംവിധായകനും സിനിമയുടെ നായകനുമായ ഋഷഭ് ഷെട്ടിയും 30-ലേറെ പേരും സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടിരിക്കുകയാണ്. തലനാരിയഴ്ക്കാണ് അപകടത്തില്‍ നിന്നും ഋഷഭ് ഷെട്ടിയും സംഘവും രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
ശിവമോഗ ജില്ലയിലെ മസ്തി കാട്ടെ ഏരിയയിലുള്ള മനി റിസർവോയറിലാണ് സംഭവം നടന്നത്. റിസർവോയറിന്റെ ആഴംകുറഞ്ഞ ഭാഗത്ത് നടന്ന അപകടമായതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ആളുകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെങ്കിലും ചിത്രീകരണത്തിനാവശ്യമായ ക്യാമറകളും മറ്റു ഷൂട്ടിംഗ് ഉപകരണങ്ങളും അപകടത്തെ തുടർന്ന് വെള്ളത്തിൽ മുങ്ങിയെന്നാണ് പ്രാഥമിക വിവരം.
തീർത്ഥ ഹള്ളി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ആർക്കും പരിക്കുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തെ തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
2022ൽ പുറത്തിറങ്ങിയ ഋഷഭ് ഷെട്ടിയുടെ ജനപ്രിയ ചിത്രമായ ‘കാന്താര’യുടെ പ്രീക്വലായാണ് ‘കാന്താര ചാപ്റ്റർ 1’ എത്തുന്നത്. എന്നാൽ ഇതിനോടകം തന്നെ ചിത്രത്തിന്റെ ഭാഗമായ മൂന്നുപേരുടെ ജീവനാണ് നഷ്ടമായത്. നടന്മാരായ രാകേഷ് പൂജാരി, നിജു കലാഭവൻ, ചിത്രീകരണ സംഘാംഗവും മലയാളിയുമായ എം.എഫ്. കപിൽ എന്നിവരാണവർ.