കലഞ്ഞൂർ പഞ്ചായത്തിലെ പൂമരുതിക്കുഴിയിൽ തിങ്കളാഴ്ച്ച നടുക്കുന്ന ഒരു സംഭവമാണ് നടന്നത്.നായയെ ഓടിച്ചുകൊണ്ടുവന്ന പുലി പട്ടാപ്പകല്‍ ഒരു വീട്ടിനകത്ത് കയറുകയായിരുന്നു. മുറ്റത്തുനിന്ന അമ്മയും പിഞ്ചുകുഞ്ഞും വളര്‍ത്തുനായയുമായി മുറിക്കുള്ളില്‍ കയറി കതകടച്ചതുകൊണ്ടുമാത്രമാണ് ജീവൻ രക്ഷപ്പെട്ടത്.
മരുതിക്കുഴിയില്‍ പൊന്‍മേലില്‍ താമസിക്കുന്ന സതീഷിന്റെ വീട്ടിലാണ് പുലി ഓടിക്കയറിയത്. സതീഷിന്റെ ഭാര്യ രേഷ്മയും ഇളയമകന്‍ രണ്ട് വയസ്സുള്ള സാരംഗുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മൂത്തമകന്‍ ശ്രാവണിനെ അങ്കണവാടിയില്‍നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ വീടിന് വെളിയില്‍ നില്‍ക്കുമ്പോഴാണ് വളര്‍ത്തുനായ കുരച്ചുകൊണ്ട് ഓടിവരുന്നത് കണ്ടത്. പിന്നാലെയുള്ള പുലിയെയും കണ്ടു. രേഷ്മ കുട്ടിയെയുംകൊണ്ട് വീട്ടിലേക്ക് ഓടിക്കയറി.
‘ഒരു മിന്നായംപോലെയാണ് പുലിയെ കണ്ടത്. വളര്‍ത്തുനായ കുരച്ചുകൊണ്ട് വരുന്നത് കണ്ടപ്പോഴേ ഭയം തോന്നിയിരുന്നു. അപ്പോഴാണ് പുലിയെ കണ്ടത്. പെട്ടെന്ന് കുഞ്ഞിനെയും കൊണ്ട് ഓടി മുറിക്കകത്തേക്ക് കയറുകയായിരുന്നു. ഒപ്പം വളര്‍ത്തുനായും കയറി. പെട്ടെന്ന് കതക് അടയ്ക്കാന്‍ തോന്നി. എന്തായാലും അതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടി,’
ഹാളിന്റെ കതക് വലിച്ചടച്ചെങ്കിലും അടുക്കളവാതിലിലൂടെ അകത്തുകയറിയ പുലി ഹാളിന്റെ കതകില്‍ പലതവണ ഇടിച്ചു. ഇതില്‍ നഖമിട്ട് ഉരച്ച പാടുണ്ട്. രേഷ്മ അവിടെനിന്ന് കതകില്‍ തട്ടി ബഹളംവെച്ചു. പുലി വീടുവിട്ടുപോയെന്ന് ഉറപ്പാക്കിയശേഷം രേഷ്മ കുഞ്ഞുമായി പുറത്തിറങ്ങി. പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍. അനില്‍കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പുലിയുടേതെന്ന് സ്ഥിരീകരിച്ചു.