കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം സിനിമാരംഗത്തുള്ളവർക്കും ഉറ്റവർക്കും കനത്ത ആഘാതമാണ് നൽകിയിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ നവാസിന്റെ ഒരു വിഡിയോയാണ് ചര്‍ച്ചയാകുന്നത്. നാളുകള്‍ മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് വൈറലാകുന്നത്.
മനുഷ്യ ജീവിതം എന്നത് യാതൊരു ഉറപ്പുമില്ലാത്തതാണെന്നാണ് നവാസ് വിഡിയോയില്‍ പറയുന്നത്. ഇന്ന് ഇവിടെയുണ്ടെന്ന് കരുതി നാളെ ഇവിടെ ഉണ്ടാകണമെന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആ വാക്കുകള്‍ പോലെ തന്നെ യാതൊരു പ്രവചനങ്ങള്‍ക്കും സാധ്യത നല്‍കാതെയാണ് മരണം നവാസിനെയും കൊണ്ട് പോയതെന്ന് നെറ്റിസൺസ് പറയുന്നു.
‘ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരിപ്പുണ്ട്. നാളെ ഇവിടെയുണ്ടാകുമോ എന്ന് ഉറപ്പില്ല. ഈ നിമിഷം ഞാന്‍ എന്റെ വീട്ടിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത അത്ര നിസ്സഹായരാണ് മനുഷ്യര്‍. അതിനൊക്കെയുള്ള അവസരമല്ലേ നമുക്ക് തന്നിട്ടുള്ളൂ. നമ്മള്‍ ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, നാളെ നേരം വെളുത്തൂന്നുണ്ടെങ്കില്‍ വെളുത്തൂവെന്ന് പറയാം.
നമ്മള്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ തിരിച്ച് വീടെത്തും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. നമുക്ക് ഇന്ന് കാണാം എന്ന് ഞാന്‍ ഇന്നലെ പറഞ്ഞു. പക്ഷെ ഇന്ന് കാണാന്‍ പറ്റൂന്ന് യാതൊരു ഗ്യാരണ്ടിയും എനിക്കുണ്ടായിരുന്നില്ല. അപ്പോള്‍ അത്രയേയുള്ളൂ നമ്മള്‍” എന്നാണ് നവാസ് വിഡിയോയില്‍ പറയുന്നത്.
1995 ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ നവാസ് സിനിമയിലെത്തുന്നത്. പിന്നീട് നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകള് ചെയ്തു. ടെലിവിഷനിലും സജീവ സാന്നിധ്യമായിരുന്നു. നടി രഹ്നയാണ് ഭാര്യ.