ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് . രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും.ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം.
ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്‌നയാണ് ഭാര്യ.
ഹോട്ടൽ മുറിയിലെത്തിയ റൂം ബോയിയാണ് നിലത്ത് വീണ നിലയിൽ നവാസിനെ ആദ്യം കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നുവെന്ന് ചോറ്റാനിക്കരയിലെ ഹോട്ടൽ ഉടമ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയപ്പോഴാണ് നവാസിന്റെ വിയോഗം.
ഇന്നും നാളെയും തന്‍റെ ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. ഈ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് സിനിമാരംഗത്തെയും പുറത്തെയും ഉറ്റവർക്കുണ്ടാക്കിയിരിക്കുന്നത്.