ജില്ലാകോൺഗ്രസ് കമ്മിറ്റി നടത്തുന്ന സമരസംഗമത്തിന്റെ പോസ്റ്റർ വലിയ വിവാദങ്ങൾക്കാണ് കാരണമായത് ഈ പോസ്റ്ററിൽ നിന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരന്റെ ചിത്രം ഒഴിവാക്കിയതിനെച്ചൊല്ലി പാർട്ടിയിൽ വലിയ പ്രശ്നമാണ് ഉണ്ടായത് . ഈ പ്രശ്‌നം തണുപ്പിക്കാൻ സുധാകരന്റെ ചിത്രം കൂടി ഉൾപ്പെടുത്തി പുതിയ പോസ്റ്റർ പുറത്തിറക്കി. 14-ന് കണ്ണൂരിൽ നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് സ്ഥലം എംപിയായ സുധാകരനെ ഒഴിവാക്കിയെന്ന പരാതി ഉയർന്നത്.
അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം കൂടിയായ പാർട്ടി പ്രവർത്തകനാണ് സമൂഹമാധ്യമത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചത്.
പോസ്റ്ററിൽ നിന്ന് സുധാകരനെ ഒഴിവാക്കാൻ പറ്റും, കണ്ണൂരിലെ കോൺഗ്രസുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ള ആരും ജനിച്ചിട്ടില്ലെന്നായിരുന്നു കുറിപ്പ്.
ഇതിന് പിന്നാലെയാണ് പോസ്റ്റർ വിവാദമായത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിങ്ങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുണ്ടായിരുന്നത്. ഈ പോസ്റ്ററിലാണ് പിന്നീട് സുധാകരന്റെ വലിയ ചിത്രം ചേർത്തത്.
സുധാകരൻ ചികിത്സയിലായിരുന്നതിനാൽ പരിപാടിയിൽ പങ്കെടുക്കാത്തതിനാലാണ് ഈ പോസ്റ്ററിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് വിശദീകരണം. പരിപാടിക്കായി തയാറാക്കിയ രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളിൽ കെ. സുധാകരനെയും ഉൾപ്പെടുത്തിയിരുന്നുവെന്നും ഡിസിസി വ്യക്തമാക്കി.