അടുത്തിടെ മോളിവുഡിൽ വളരെ ചർച്ചയായ ചിത്രമാണ് ജെഎസ്കെ. ജാനകി എന്ന പേരും അതിനെ ചൊല്ലിയുള്ള വിവാദങ്ങളും സെൻസർ ബോർഡുമായുള്ള നിയമ പോരാട്ടത്തിലുമായിരുന്നു അണിയറക്കാർ. ഒടുവിൽ ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യെ ‘ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കി, ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിക്കുകയും ചെയ്തു.
ചിത്രത്തിന്ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ചിത്രം ആദ്യദിനം എത്ര രൂപയുടെ കളക്ഷൻ നേടി എന്ന വിവരം ഇപ്പോൾ പുറത്തുവരികയാണ്. ട്രാക്കിങ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 1.25 കോടിയാണ് ആദ്യദിവസം ജെഎസ്കെ നേടിയിരിക്കുന്നത്. കർണാടക- നാല് ലക്ഷം, ആന്ധ്രാപ്രദേശ് ഉൾപ്പടെയുള്ള പ്രദേശങ്ങൾ- ഒരു ലക്ഷം, തമിഴ്നാട്- മൂന്ന് ലക്ഷം,കേരളം- 1.15 കോടി, ഇന്ത്യയിലെ മറ്റ് സ്ഥലങ്ങൾ- രണ്ട് ലക്ഷം എന്നിങ്ങനെയാണ് ആദ്യദിനം ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള നേടിയിരിക്കുന്നത്.
അതേസമയം, ജെഎസ്കെയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി രംഗത്ത് എത്തിയിട്ടുണ്ട്. “ജാനകിയേയും Adv. ഡേവിഡ് ആബേല്‍ ഡോണോവാനെയും കേരളത്തിലെ ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷം”, എന്നാണ് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ തുടങ്ങിയവരും ചിത്രത്തിലുണ്ട്.