ദക്ഷിണ ചൈന കടലിലെ തർക്കപ്രദേശത്ത് ഫിലിപ്പീൻസുമായി കൂട്ടുചേർന്ന് സൈനികാഭ്യാസം നടത്തിയിരിക്കുകയാണ് ഇന്ത്യൻ നാവികസേന. ഇതാദ്യമായാണ് ഇത്തരമൊരു സൈനിക നീക്കം നടത്തുന്നത്. ഫിലിപ്പീൻസിന് ചൈനയുമായി സമുദ്രാതിർത്തി സംബന്ധിച്ച തർക്കമുള്ള മേഖലയിലാണ് ഇന്ത്യയും ഫിലിപ്പീൻസും സൈനികാഭ്യാസം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ സൈനികാഭ്യാസം തിങ്കളാഴ്ച വൈകീട്ടോടെ സമാപിച്ചു. ഇന്ത്യയുടെ ഐഎൻഎസ് ശക്തി എന്ന യുദ്ധക്കപ്പലാണ് അഭ്യാസത്തിൽ പങ്കെടുത്തത്.
ഭാവിയിൽ ഇന്ത്യൻ നാവികസേനയുമായി ചേർന്ന് കൂടുതൽ സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് ഫിലിപ്പീൻസ് സൈനിക മേധാവി ജനറൽ റൊമിയോ ബ്രൗണർ വ്യക്തമാക്കി. ഇന്ത്യയും ഫിലിപ്പീസും നടത്തുന്ന സൈനികാഭ്യാസം നിരീക്ഷിക്കാൻ ചൈന ഇവിടേക്ക് യുദ്ധക്കപ്പലുകൾ അയച്ചിരുന്നു. രണ്ട് യുദ്ധക്കപ്പലുകളാണ് ചൈനീസ് നാവികസേന ഈ മേഖലയിലേക്ക് വിന്യസിച്ചത്.
. ഇരുരാജ്യങ്ങളുടെയും നാവികസേനകൾ വിവിധ സൈനിക മുറകൾ പരിശീലിക്കുന്നതിന്റെ 25 നോട്ടിക്കൽ മൈൽ ( 46 കിലോമീറ്റർ) അകലെയാണ് ചൈനീസ് യുദ്ധക്കപ്പലുകൾ എത്തിയത്. അതേസമയം, പതിവ് പട്രോളിങ് മാത്രമാണ് നടത്തിയതെന്ന് ചൈനീസ് സൈന്യത്തിന്റെ സതേൺ കമാൻഡ് വിശദീകരിച്ചു. ചൈനയുടെ സമുദ്രാതിർത്തിയും താത്പര്യങ്ങളും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
തർക്കമേഖലയിലേക്ക് പുറത്തുനിന്നുള്ള രാജ്യങ്ങളെ കൊണ്ടുവന്ന് സൈനികാഭ്യാസങ്ങൾ നടത്തുന്നത് പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഇന്ത്യയുടെ പേരെടുത്തു പറയാതെ ചൈന മുന്നറിയിപ്പ് നൽകി.