ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ തന്നെ പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് താരം ജോ റൂട്ട്. ചാമ്പ്യൻ ഷിപ്പിൽ 6000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി തീർന്നിരിക്കുകയാണ് താരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തന്റെ 69-ാം ടെസ്റ്റിലാണ് റൂട്ട് 6000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്.
ഓവല്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കെതിരായ സെഞ്ചുറിയോയെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 152 പന്തുകള്‍ നേരിട്ട റൂട്ട് 12 ബൗണ്ടറികളടക്കം 105 റണ്‍സെടുത്തു. റൂട്ടിന്റെ കരിയറിലെ 39-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ റൂട്ട് 20 സെഞ്ചുറിയും 23 അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. സ്റ്റീവ് സ്മിത്ത് (4,278), മാര്‍നസ് ലാബുഷെയ്ന്‍ (4,225), ബെന്‍ സ്റ്റോക്‌സ് (3,616), ട്രാവിസ് ഹെഡ് (3,300) എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റണ്‍വേട്ടയില്‍ റൂട്ടിന് പിന്നിലുള്ളവര്‍.
ഹോം ടെസ്റ്റില്‍ ഒരു എതിരാളിക്കെതിരേ ഏറ്റവും കൂടുതല്‍ തവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും റൂട്ട് തന്നെയാണ്സ്വന്തമാക്കിയത്. 16 തവണയാണ് ഇംഗ്ലണ്ടില്‍ റൂട്ട് ഇന്ത്യയ്‌ക്കെതിരേ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ 16 തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ബി ടെയ്ലറുടെ റെക്കോര്‍ഡിനൊപ്പമാണ് റൂട്ട്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ 17 തവണ ഈ നേട്ടം സ്വന്തമാക്കിയ ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് ഈ പട്ടികയില്‍ ഒന്നാമന്‍.
ഇതോടൊപ്പം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി.