സെയിൽസ് ടാർഗറ്റ് എത്തുന്നതിൽ പരാജയപ്പെടുന്ന ജീവനക്കാരെ നഗ്നചിത്രമെടുത്ത് അയക്കാൻ പ്രേരിപ്പിക്കുകയും സ്വകാര്യഭാഗത്ത് പിടിച്ചമർത്തി വേദനിപ്പിക്കുകയും ചെയ്യുമെന്ന് ഗുരുതര ആരോപണവുമായി മുൻ ജീവനക്കാർ. ജപ്പാനിലെ ഒസാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയോ കോർപ്പറേഷനിലാണ് ഇതൊക്കെ നടന്നതെന്നാണ് ഇവരുടെ ആരോപണം.
ഇലക്ട്രിക്, എനർജി സേവിംഗ് എക്വിപ്മെന്റ് വിൽക്കുന്നതിലും അവ സ്ഥാപിക്കുന്നതിലും പ്രവർത്തിക്കുന്ന കമ്പനിയാണ് നിയോ കോർപ്പറേഷൻ. ജപ്പാനിലുടനീളമായി കമ്പനിക്ക് ഇപ്പോൾ ഒമ്പത് ശാഖകളാണുള്ളത്,മേലധികാരികളുടെ അധിക്ഷേപവും പീഡനവും ചൂണ്ടിക്കാട്ടി അഞ്ച് മുൻ ജീവനക്കാർ ഈ വർഷം മാർച്ചിൽ കേസ് ഫയൽ ചെയ്തു. അതോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
ടാർഗറ്റ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ സെയിൽസ് മാനേജർ ജീവനക്കാരെ അവരുടെ നഗ്നചിത്രങ്ങൾ എടുക്കാൻ നിർബന്ധിക്കുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
മാത്രമല്ല, പിന്നാലെ ഇത് മറ്റ് ജീവനക്കാർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. തന്റെ സ്വകാര്യഭാഗങ്ങളിൽ പിടിച്ച് അമർത്തുമായിരുന്നു എന്നും വേദനിപ്പിക്കുമായിരുന്നു എന്നും ഒരു ജീവനക്കാരൻ പറയുന്നു.
ബ്രാഞ്ച് മാനേജരെ സമീപിച്ചപ്പോൾ, അയാൾ ജീവനക്കാരനെ പരിഹസിക്കുകയായിരുന്നു. എല്ലാവരും ഇതിലൂടെയൊക്കെ കടന്നുപോയിട്ടുണ്ട് എന്നാണ് മാനേജർ പറഞ്ഞത്.
ഇതു കൂടാതെ ഓവർടൈം ജോലിയെടുപ്പിക്കുക, അധിക്ഷേപിക്കുക എന്നിവയെല്ലാം പതിവായിരുന്നു. ഒരു ഒഫീഷ്യൽ ഡിന്നർ ഒഴിവാക്കിയതിന് ഒരു ബ്രാഞ്ച് മാനേജരെ കമ്പനി ഡയറക്ടർ തല്ലിച്ചതച്ചതായും ആരോപിക്കപ്പെടുന്നു. സെയിൽസ് കമ്മീഷൻ കുറയ്ക്കുക, ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കമ്പനിയിലേക്ക് പണം തിരികെ മാറ്റാൻ ആവശ്യപ്പെടുക, പിഴകൾ ചുമത്തുക എന്നിവയും ഉണ്ടായിരുന്നു.