ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്നതിനെതിരായ കേസിൽ നിലപാടിൽ നിന്നയഞ്ഞ് സെൻസർ ബോർഡ്. സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. രംഗത്തിൽ പേര് മ്യൂട്ട് ചെയ്യണം പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം.
നേരത്തെ 96 ഭാഗങ്ങൾ കട്ട് ചെയ്യണം എന്നായിരുന്നു സെൻസർ ബോർഡ് നിലപാട് എടുത്തിരുന്നത്. കേസിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലിന് വിശദമായി വാദം കേൾക്കാം എന്ന ജസ്റ്റിസ് നഗരേഷ് അറിയിച്ചു.
ചിന്താമണി കൊലക്കേസിന് ശേഷം 19 വർഷങ്ങൾ കഴിഞ്ഞാണ് സുരേഷ്ഗോപി വീണ്ടുമൊരു വക്കീൽ വേഷം ചെയ്യുന്നത്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’.
കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ പ്രവീൺ നാരായണൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് ചിത്രത്തിന്റെ നിർമാതാവ്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ടീസറും മികച്ച അഭിപ്രായം നേടിയിരുന്നു.
അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.