പലപ്പോഴും പഞ്ചസാരയ്ക്ക് ഒരു പകരക്കാരനായി ശര്‍ക്കരയെ കണക്കാക്കുന്നവര്‍ നിരവധിയാണ്. കാരണം ശര്‍ക്കരയില്‍ ഇരുമ്പ്, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു. വിളര്‍ച്ച തടയുന്നു. പെട്ടെന്ന് പഞ്ചസാര കുതിച്ചുയരാതെ സ്ഥിരമായ ഊര്‍ജം നല്‍കുന്നു. എന്നീ കാരണങ്ങളാലാണ്.
മാത്രമല്ല പതിവായി കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുകയും കരളിനെ സ്വാഭാവികമായി ശുദ്ധീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് കൂടാതെ വളരെ മോശമായൊരു മുഖവും ശര്‍ക്കരയ്ക്കുണ്ട്. അതിനാല്‍ തന്നെ സ്ഥിരമായി ഉപയോഗിക്കുന്നത് വിഷം പലതവണയായി കഴിക്കുന്നത് പോലെയാകും എന്നതാണ് ചില വിദഗ്ധരുടെ അഭിപ്രായം. അതെന്താണെന്ന് നോക്കാം.
ശര്‍ക്കരയുടെ നിറം വര്‍ധിപ്പിക്കുന്നതിനായി മെറ്റാലിന്‍ യെല്ലോ പോലുള്ള നിറങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കാന്‍സറിന് കാരണമാകും. ശര്‍ക്കരയില്‍ വാഷിംഗ് സോഡ ചേര്‍ക്കാറുണ്ട് ഇത് ആന്തരികാവയവങ്ങളില്‍ മുറിവുകള്‍ക്ക് കാരണമാകും അതുവഴി അള്‍സറുകള്‍ ഉണ്ടാകും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇതില്‍പ്പെടുന്നതിനുള്ള സാഹചര്യമുണ്ട്.
ഇനി ശര്‍ക്കരയിലെ മായം എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം
കൃത്രിമനിറങ്ങള്‍
കൂടുതല്‍ നിറം ഉണ്ടെന്ന് തോന്നിയാല്‍ അതില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ന്നതായി സംശയിക്കണം. ഇത് ഉറപ്പുവരുത്തുന്നതിനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ചെറിയ കഷണം ശര്‍ക്കര ലയിപ്പിക്കുക. പിന്നീട് അത് അടിയാന്‍ വെക്കുക. അടിഞ്ഞു കഴിഞ്ഞിട്ടും വെള്ളത്തില്‍ നല്ല നിറം അവശേഷിക്കുന്നുവെങ്കില്‍ മായമുണ്ടെന്ന് ഉറപ്പിക്കാം.
ചോക്കുപൊടി
ചോക്ക് പൊടിയോ വാഷിംഗ് സോഡയോ ഒക്കെ ശര്‍ക്കരയുടെ തൂക്കം വര്‍ധിപ്പിക്കുന്നതിനായി ചിലര്‍ ചേര്‍ക്കാറുണ്ട്. ശര്‍ക്കര സാധാരണയിലും കൂടുതല്‍ കടുപ്പമുള്ളതും പരുക്കനായതുമായി അനുഭവപ്പെട്ടാല്‍ ഈ മായമുണ്ടെന്ന് മനസ്സിലാക്കാം.
രുചി
രുചി വ്യത്യാസം കൊണ്ട് ശര്‍ക്കരയിലെ 80 ശതമാനം മായവും കണ്ടെത്താവുന്നതാണ്. അസിഡിക് രുചിയോ കയ്പോ ഒക്കെയുണ്ടെങ്കില്‍ അതില്‍ കെമിക്കലുകള്‍ ചേര്‍ന്നിട്ടുണ്ടെന്ന് സംശയിക്കാം. അത്തരത്തിലുള്ളവ ഒഴിവാക്കുക
ശര്‍ക്കരയിലെ മിനുസം
ശര്‍ക്കരയ്ക്ക് തിളക്കം കിട്ടാനായി ചിലര്‍ അതില്‍ മിനറല്‍ ഓയിലുകള്‍ ചേര്‍ക്കാറുണ്ട്. നിങ്ങളുടെ കയ്യില്‍ ശര്‍ക്കരയില്‍ നിന്ന് എണ്ണമയം പറ്റുകയാണെങ്കില്‍ അതില്‍ മായമുണ്ടെന്ന് മനസ്സിലാക്കണം.