നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി.ഇറാൻ കീഴടങ്ങില്ലെന്നും വലിയ തിരിച്ചടി നൽകുമെന്നും ഖമനയി എക്സിൽ പറഞ്ഞു.
‘‘ ഇറാൻ ജനതയെയും അതിന്റെ ചരിത്രത്തെയും നന്നായി അറിയാവുന്ന ബുദ്ധിയുള്ളവരാരും ഈ രാജ്യത്തിനുനേരെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. കാരണം ഇറാനെന്ന രാജ്യം ഒരിക്കലും കീഴടങ്ങില്ല. മാത്രമല്ല, ഏതെങ്കിലും തരത്തിൽ യുഎസിന്റെ സൈനിക ഇടപെടലുണ്ടായാൽ അതിന് അപരിഹാര്യമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്ക മനസ്സിലാക്കണം’–ഖമനയി പറഞ്ഞു.
യുഎസ് പ്രസിഡന്റ് അദ്ദേഹത്തിന്റെ യുക്തിരഹിതമായ സംസാരം കൊണ്ട് ഞങ്ങളെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഭീഷണികളെ ഭയക്കുന്നവരോടു വേണം അവർ ഭീഷണി മുഴക്കാൻ. ഇറാൻ ഇത്തരം ഭീഷണികളെ ഭയക്കുന്നവരല്ല. ഇറാൻ കീഴടങ്ങണമെന്നാവശ്യപ്പെട്ടത് ബുദ്ധിഹീനമായിപ്പോയി. എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്.
ആരുടെയും ആക്രമണത്തിന് ഇറാൻ ഒരിക്കലും കീഴടങ്ങില്ല. അതാണ് ഇറാന്റെ യുക്തിയും ആത്മാവുമെല്ലാം. ഈ വിഷയത്തിൽ യുഎസ് ഇടപെടുന്നത് നൂറു ശതമാനവും അവരുടെ നാശത്തിനായാണ്. ഖമനയി എക്സിൽ പറഞ്ഞു.