ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ പല വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. ഇതിനിടെ ഇറാന്റെ ഡ്രോണുകൾ തയ്യാറാക്കുന്ന ദൃശ്യം എന്ന രീതിയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ധാരാളം ഡ്രോണുകൾ ഈ വീഡിയോയിൽ കാണാം.
“ഊഴം കാത്ത് ഇറാനിയൻ ഡ്രോണുകൾ” എന്നെഴുതിയ വീഡിയോ ഉൾപ്പെടുന്നതാണ് ഫെ.്സ്ബുക്ക് പോസ്റ്റ്. എന്നാൽ അന്വേഷണത്തിൽ വ്യക്തമായത് ഈ വീഡിയോ എഐ നിർമ്മിതമായ ഒന്നാണെന്നതാണ്. വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇതിലുള്ള ആളുകളുടെ ചലനങ്ങൾ അസാധാരണമാണെന്ന് വ്യക്തമായി.
നടക്കുകയും കുനിയുകയും ചെയ്യുന്ന വേഗത, രീതികൾ എന്നിവയിലെല്ലാം കൃത്രിമത്വം അനുഭവപ്പെടുന്നുണ്ട്. ഇതിൽ നിന്നും വീഡിയോ യഥാർത്ഥമായിരിക്കില്ലെന്ന സൂചന ലഭിച്ചു. തുടർന്ന് വീ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ ‘കമാൻഡ് നെക്സസ്’ എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ 2025 ജൂൺ 19ന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ‘കമാൻഡ് നെക്സസ്’ എന്ന യൂട്യൂബ് ചാനലിലാണ് ഇത് വന്നിരിക്കുന്നത് .
യൂട്യൂബ് ചാനലിന്റെ വിവരണത്തിൽ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സിനിമാറ്റിക്, ഹൈടെക് വീഡിയോകൾ നിർമ്മിച്ച് പങ്കുവയ്ക്കുന്ന പേജാണ് ഇതെന്ന് വ്യക്തമാക്കുന്നുണ്ട്. എഐയിൽ നിർമ്മിച്ച വീഡിയോകൾ കളർഗ്രേഡ് ചെയ്തും വിവിധ ഇഫക്റ്റുകൾ ഉപയോഗിച്ചും കൂടുതൽ മനോഹരമാക്കിയാണ് പങ്കുവയ്ക്കുന്നതെന്നും വിവരണത്തിൽ പറയുന്നുണ്ട്.