പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചത് പാകിസ്ഥാന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. നിലവിൽ കരാർ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് പാകിസ്ഥാന് ഒന്നിനുപിറകെ ഒന്നായി നാല് കത്തുകളയച്ചതായി റിപ്പോര്‍ട്ട്.
നിലവിൽ കടുത്ത ജലലഭ്യതക്കുറവ് കാരണം പാകിസ്താന് രൂക്ഷമായ വരൾച്ച അനുഭവിക്കുകയാണെന്നാണ് സൂചന. ഓപ്പറേഷന് സിന്ദൂറിന് ശേഷവും പാകിസ്താന് കരാര്‍വിഷയത്തില്‍ കത്തയച്ചതായാണ് സൂചന. ഇതിനിടെ ഭീഷണിയുമായും പല തവണ പാകിസ്ഥാൻ രംഗത്തു വന്നിരുന്നു. ചൈന ബ്രഹ്മപുത്രയിൽ നിന്നുള്ള ജലം തടഞ്ഞാൽ ഇന്ത്യ എന്തു ചെയ്യുമെന്നായിരുന്നു ഭീഷണി. എന്നാൽ അതിന് വായടിപ്പിക്കുന്ന മറുപടി നൽകി അസം മുഖ്യമന്ത്രിയും രംഗത്തുവന്നിരുന്നു.
ഭീകരതയും വ്യാപാരവും ഒന്നിച്ചു മുന്നോട്ടുപോകില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരസ്പരവിശ്വാസവും സൗഹൃദവും അടിസ്ഥാനമാക്കി തയ്യാറാക്കിയ സിന്ധു നദീജലക്കരാറിന്റെ അന്തഃസത്തയ്ക്കെതിരെയാണ് പാകിസ്താന് പ്രവര്‍ത്തിച്ചതെന്നും ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന് നല്കി വരുന്ന പിന്തുണ അവസാനിപ്പിക്കാതെ കരാര്‍ മരവിപ്പിച്ച നടപടിയില്‍ ഇളവ് വരുത്താന്‍ ഉദ്ദേശ്യമില്ലെന്ന് ഇന്ത്യ പല തവണ വ്യക്തമാക്കിയിരുന്നതാണ് . അതേസമയം, സിന്ധു നദിയില്‍ നിന്നുള്ള ജലത്തിന്റെ കാര്യത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് പാകിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയനേതാക്കള്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ജല ക്ഷാമം മൂലം പൊറുതി മുട്ടിയ കർഷകർ കൂട്ടത്തോടെ ഭരണകൂടത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇന്ത്യയെ യുദ്ധം ചെയ്ത് തോൽപ്പിച്ചുവെന്നുള്ള പ്രചാരണങ്ങൾ പാകിസ്ഥാനിലെ പൗരന്മാർ മുഖവിലയ്ക്കെടുത്തിട്ടില്ല. മാത്രമല്ല ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നത് ജലം ലഭിക്കാനുള്ള സാധ്യതയെപ്പോലും ഇല്ലാതാക്കുമെന്നാണ് അവരുടെ ആശങ്ക.