ഇന്‍ഡിഗോ വിമാന കമ്പനിയിൽ മാനസിക പീഢനമെന്ന് പരാതി. ട്രെയിനി പൈലറ്റിനെ മുതിര്‍ന്ന ജീവനക്കാര്‍ വംശീയമായി അധിക്ഷേപിച്ചതായി പരാതി. 35 കാരനായ പൈലറ്റിന്റെ പരാതിയില്‍ മൂന്ന് ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. എസ്സി /എസ്ടി അതിക്രമ നിരോധന നിയമ പ്രകാരമാണ് കേസ്. ‘നീ വിമാനം പറത്താന്‍ യോഗ്യനല്ല, പോയി ചെരുപ്പ് കുത്തിയുടെ പണിയെടുക്കൂ – എന്ന് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചെന്നാണ് പരാതിയിലെ ആരോപണം.
ഇന്‍ഡിഗോ ഓഫീസര്‍മാരായ തപസ് ഡേ, മനീഷ് സാഹ്നി, ക്യാപ്റ്റന്‍ രാഹുല്‍ പാട്ടില്‍ എന്നിവര്‍ക്ക് എന്നിവര്‍ക്ക് എതിരെയാണ് പരാതി.
ഏപ്രില്‍ 28 ന് ഇന്‍ഡിഗോയുടെ ഗുരുഗ്രാം ഓഫീസില്‍ നടന്ന യോഗവുമായി ബന്ധപ്പെട്ടാണ് പരാതി. 30 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ തന്നോട് ഈ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നാണ് പരാതിയുടെ ഉള്ളടക്കം.
‘നിങ്ങള്‍ വിമാനം പറത്താന്‍ യോഗ്യനല്ല, തിരികെ പോയി ചെരിപ്പുകള്‍ തുന്നിക്കോ. ഇവിടെ ഒരു വാച്ച്മാനായി ജോലി നോക്കാനുള്ള യോഗ്യത പോലും ഇല്ല’ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പരാതിക്കാരന് പറയുന്നു.
ഇതിന്പു റമെ, അന്യായമായി ശമ്പളം വെട്ടിക്കുറയ്ക്കുക, നിര്‍ബന്ധിത പരിശീലന പരിപാടികള്‍, അനാവശ്യ കാര്യങ്ങള്‍ക്ക് താക്കീത് തുടങ്ങിയ നടപടിള്‍ക്കും താന്‍ തുടര്‍ച്ചയായി വിധേയമായെന്നും പൈലറ്റ് പരാതിയില്‍ ആരോപിക്കുന്നു.
യുവാവ് ബംഗളൂരു പൊലീസില്‍ നല്കിയ പരാതി ഇന്‍ഡിഗോ ആസ്ഥാനമായ ഗുരുഗ്രാമിലേക്ക് കൈമാറി. കുറ്റകൃത്യം എവിടെ നടന്നാലും ഏത് പോലീസ് സ്റ്റേഷനിലും പരാതി ഫയല്‍ ചെയ്യാവുന്ന സീറോ എഫ്ഐആര്‍ ആണ് പരാതിയില്‍ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്തത്.