ശത്രുരാജ്യങ്ങൾക്കുള്ളിലുള്ള ലക്ഷ്യസ്ഥാനങ്ങളെ വരെ തകർത്തുതരിപ്പണമാക്കുന്ന തരം ആധുനിക വിമാനം ഇന്ത്യ വികസിപ്പിക്കുന്നു എന്ന റിപ്പോർട്ടുകളിൽ ഒടുവിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. 12,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരെ തകർക്കുന്ന അൾട്രാ ലോംഗ് റേഞ്ച് സ്‌ട്രാറ്റജിക് ബോംബർ വിമാനം ഇന്ത്യ തയ്യാറാക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. ആദ്യമായി ഈ വാർത്ത പങ്കുവെച്ചത് എക്കണോമിക് ടൈംസായിരുന്നു.
ഭൂഖണ്ഡാന്തര തലത്തിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള പുതിയ തലമുറ യുദ്ധവിമാനം തയ്യാറാകുന്നതായും ന്യൂയോർക്ക്, ബീജിംഗ് പോലുള്ള നഗരങ്ങളിൽ പോലും കൃത്യമായി ആക്രമണം നടത്താൻ സാധിക്കുമെന്നും അന്തരീക്ഷത്തിൽ വെച്ചുതന്നെ ഇന്ധനം നിറയ്ക്കാൻ സാധിക്കുമെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു.
‘അത്തരത്തിൽ ഒരു പദ്ധതിയ്‌ക്ക് അനുമതി നൽകുകയോ അങ്ങനെയൊന്ന് പുരോഗമിക്കുകയോ ചെയ്യുന്നില്ല.’ പ്രതിരോധ മന്ത്രാലയത്തിലെ ഒരു അംഗം പറഞ്ഞു. ഇത്തരത്തിൽ ഒരു പദ്ധതിയ്‌ക്ക് ഇന്ത്യൻ വ്യോമസേനയുടെ തന്ത്രപ്രധാനമായ നിലപാടുകളോ പദ്ധതികളോ ഇല്ല എന്നും മന്ത്രാലയം അറിയിക്കുന്നു.
ഇത്തരമൊരു വിമാനം തയ്യാറാക്കാൻ സാമ്പത്തികമായി വലിയ ചെലവ് വരുമെന്നും ഇന്ത്യയുടെ ഇപ്പോഴത്തെ ശ്രദ്ധ യുദ്ധവിമാനങ്ങളുടെ നവീകരണം, മിസൈൽ വിഭാഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇപ്പോൾ മുന്നിലുള്ളതെന്നുമാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഇത്തരമൊരു ബോംബർ വിമാനം തയ്യാറാക്കാൻ ഇന്ത്യ ഔദ്യോഗിക ചർച്ചകൾ നടത്തുകയോ അതിനായി അനുമതി നൽകുകയോ ചെയ്‌തിട്ടില്ലെന്നുതന്നെയാണ് പ്രതിരോധ വിഭാഗം വ്യക്തമാക്കുന്നത്.