ലണ്ടന്‍ ട്യൂബില്‍ ഭക്ഷണം കൈ കൊണ്ട് കഴിച്ച ഇന്ത്യക്കാരിയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപവര്‍ഷം. ഫോണില്‍ സംസാരിച്ചുകൊണ്ട് ചോറ് കഴിക്കുന്ന യുവതിയാണ് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്. ഈ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് ഇവരെ വംശീയമായി അധിക്ഷേപിച്ച് കമന്റുകള്‍ ഇട്ടിരിക്കുന്നത്.
കണ്ടിട്ട് അറപ്പ് തോന്നുന്നുവെന്നും നിലവാരമില്ലെന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. സ്പൂണും ഫോര്‍ക്കും ഉപയോഗിക്കാതെ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിക്ക് വൃത്തിയില്ലെന്നും ചിലര്‍ പറയുന്നു. മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനും ആളുകള്‍ ഇവരെ വിമര്‍ശിക്കുന്നുണ്ട്.
ഇന്ത്യയെപ്പോലെ ബ്രിട്ടനേയും ഈ കുടിയേറ്റക്കാര്‍ മൂന്നാം ലോക രാജ്യമാക്കുമെന്നുമുള്ള കമന്റുകളുണ്ട്. ഇത് അടുക്കളയല്ലെന്നും പൊതുഗതാഗതമാണെന്നും ഇവരെയെല്ലാം തിരികെ നാട്ടിലേക്ക് അയയ്ക്കേണ്ട സമയമായിട്ടുണ്ടെന്നും ഒരാള്‍ കമന്റ് ചെയ്തു.
അതേസമയം സംഭവത്തില്‍ യുവതിയെ പിന്തുണച്ചും ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. അവര്‍ അവരുടെ ഭക്ഷണം ആസ്വദിക്കുകയാണെന്നും അവര്‍ നിങ്ങളെ ശല്ല്യപ്പെടുത്തുന്നില്ലല്ലോ എന്നുമാണ് ഒരാളുടെ പ്രതികരണം. ഒട്ടേറെപ്പേര്‍ ചിപ്സോ സാന്ഡ്വിച്ചുകളോ കഴിക്കുന്നുണ്ട് എന്നാല്‍ ഒരു ഇന്ത്യന്‍ സ്ത്രീ കൈ കൊണ്ട് ചോറ് കഴിക്കുന്നതാണ് അവരുടെ പ്രശ്നമെന്നും ഒരു ഉപയോക്താവ് വ്യക്തമാക്കി.