ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി വിപഞ്ചികയും മകള്‍ വൈഭവിയും മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ചൊവ്വാഴ്ച വൈകിട്ട് ഷാര്‍ജയില്‍ കുഞ്ഞിന്റെ സംസ്കാരം നടത്താന്‍ തീരുമാനിച്ചിരുന്നത്. സംസ്കാരവുമായി ബന്ധപ്പെട്ട ചര്‍ച്ച ചെയ്യാനായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഭർത്താവ് നിധീഷിനെ വിളിപ്പിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചത്.
വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും സംസ്കാരം ഷാര്‍ജയില്‍ നടത്തരുതെന്നും ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്നും ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാനായി നിധീഷും കുടുംബവും സ്മാശനത്തില്‍ എത്തിയിരുന്നു.
കോണ്‍സുലേറ്റില്‍ നിന്നും നിധീഷിന് ഫോണ്‍വിളി എത്തിയത്. ഇതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം തിരികെ കൊണ്ടുപോകുകയായിരുന്നു. അതേസമയം ജനിച്ച മണ്ണില്‍ മക്കളെ സംസ്കരിക്കണമെന്ന് വിപഞ്ചികയുടെ അമ്മ ആവശ്യപ്പെട്ടു. ഷാര്‍ജയില്‍ സംസ്കരിക്കണമെന്ന് നിതീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞു.
32 കാരിയായ വിപഞ്ചികയുടെയും ഒന്നരവയസുകാരി വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനായി കൊല്ലത്ത് നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷൈലജ യു എ ഇയില്‍ എത്തിയത്. വിപഞ്ചികയുടെ സഹോദരനും ഇന്ന് രാത്രിയോടെ കാനഡയില്‍ നിന്ന് യു എയില്‍ എത്തും. കുഞ്ഞിന്റെ മൃതദേഹം നിതീഷിന് കൈമാറാന്‍ ഇന്ന് രാവിലെ കോടതി ഉത്തരവിട്ടിരുന്നു.
ജുലൈ എട്ടിനാണ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച് ആര് മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനേയും മകള്‍ വൈഭവിയേയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം കയറില്‍ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോര്‍ട്ട്. വൈഭവിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
വിപഞ്ചികയുടെ അമ്മ ഷൈലജ നല്കിയ പരാതിയെ തുടര്‍ന്ന് നിധീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തു. സഹോദരി രണ്ടാം പ്രതിയും പിതാവ് മോഹനന് മൂന്നാം പ്രതിയുമാണ്. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എഞ്ചിനിയറാണ് നിധീഷ്.