ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ജസപ്രീത് ബുമ്രയുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കൂവെന്ന് ബുമ്രയും ഇന്ത്യൻ ടീം മാനേജ്മെന്‍റും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ രണ്ടാം ടെസ്റ്റിലും ബുമ്രയെ കളിപ്പിച്ചാല്‍ ഇന്ത്യക്ക് എന്നെന്നേക്കുമായി ഒരുപക്ഷെ ബുമ്രയെ നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓസീസ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഭാര്യയുമായ അലീസ ഹീലി. 2024നുശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ബൗളര്‍ ബുമ്രയാണെന്ന് അവർ പറഞ്ഞു.
2024നുശേഷം ടെസ്റ്റില്‍ ബുമ്ര 410.4 ഓവര്‍ പന്തെറിഞ്ഞപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് 359.1 ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. കണക്കുകള്‍ ഇതായിരിക്കെ എങ്ങനെയാണ് ബുമ്രയുടെ ജോലിഭാരം കുറയുന്നതെന്ന് അലീസ ഹീലി ചോദിച്ചു.
ബുമ്രയുടെ ജോലിഭാരം കുറക്കുന്നതിനായാണ് മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിപ്പിക്കുന്നത് എന്നാണ് ഇന്ത്യൻ ടീം പറയുന്നത്. എന്നാല്‍ ഈ കണക്കുകള്‍ കണ്ടാല്‍ അത് എങ്ങനെ പറയാനാവും. 2024നുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ പേസര്‍ ബുമ്രയാണ്. ശസ്ത്രക്രിയക്ക് വിധേയനായ ബുമ്രക്ക് ഇപ്പോഴും പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലുമാണ്.
മനുഷ്യനെന്ന നിലയില്‍ അത് ആശങ്കപ്പെടുത്തുന്നതാണ്. കാരണം, അയാള്‍ക്ക് ക്രിക്കറ്റ് കഴിഞ്ഞാലും ഒരു ജീവിതമുണ്ട്. ചെറിയ കുട്ടിയുള്ള ഒരു കുടുംബമുണ്ട് അതോർക്കണം. അവർ പറഞ്ഞു.