ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് വന്‍കുതിച്ചുചാട്ടം നടത്തി ഇന്ത്യ. ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യം വെളിപ്പെടുത്തി. നീതി ആയോഗിന്റെ പത്താമത് ഭരണസമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നീതി ആയോഗ് സിഇഒ.
മൊത്തത്തിലുള്ള ഭൗമരാഷ്ട്രീയ, സാമ്പത്തിക അന്തരീക്ഷം ഇന്ത്യയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ പറയുമ്പോള്‍ നമ്മള്‍ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. നമ്മള്‍ 4 ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയാണ്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎംഎഫ് ഡാറ്റ ഉദ്ധരിച്ചാണ് സുബ്രഹ്‌മണ്യം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ ഇന്ന് ജപ്പാനേക്കാള്‍ വലുതാണ്.യുഎസ്, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മാത്രമാണ് നമ്മേക്കാള്‍ മുന്നിലുള്ളത് ആസൂത്രണം ചെയ്ത കാര്യങ്ങളില്‍ ഉറച്ചുനിന്നാല്‍ 2.5-3 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും’- സുബ്രഹ്‌മണ്യം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘താരിഫ് എന്തായിരിക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ ഉല്‍പ്പാദനത്തിന് ഏറ്റവും ചെലവ് കുറഞ്ഞ സ്ഥലം നമ്മുടേതായിരിക്കും’- യുഎസില്‍ വില്‍ക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി സുബ്രഹ്‌മണ്യം വ്യക്തമാക്കി.