വരുമാനത്തില്‍ ഏറ്റവും തുല്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാമത്. ലോക ബാങ്കിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ലോക ബാങ്കിന്റെ ഗിനി സൂചിക പ്രകാരം ചൈന, അമേരിക്ക, ജി7, ജി20 രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൂചിക അനുസരിച്ച് ഇന്ത്യയുടെ സ്കോര്‍ 25.5 ആണ്.
സാമ്പത്തിക സമത്വത്തില്‍ സ്ലോവാക് റിപ്പബ്ലിക്, സ്ലൊവേനിയ, ബെലാറസ് എന്നി രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍. ഒരു രാജ്യത്ത് വരുമാനം എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്നതാണ് ഗിനി സൂചിക അളക്കുന്നത്. 0 എന്ന സ്‌കോര്‍ പൂര്‍ണ്ണ സമത്വം എന്നാണ് അര്‍ത്ഥമാക്കുന്നത്. 100 എന്ന സ്‌കോര്‍ പരമാവധി അസമത്വത്തെയാണ് സൂചിപ്പിക്കുന്നത്.
ഈ സൂചിക പ്രകാരം ചൈന (35.7), അമേരിക്ക (41.8) തുടങ്ങിയ വികസിത രാജ്യങ്ങളെക്കാളും എല്ലാ ജി7, ജി20 രാജ്യങ്ങളെക്കാളും മുന്നിലാണ് ഇന്ത്യ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുൻ വര്‍ഷങ്ങളില്‍ വരുമാന അസമത്വം കുറയ്ക്കുന്നതില്‍ വലിയ പുരോഗതിയാണ് ഇന്ത്യ കാഴ്ചവെച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ദാരിദ്ര്യത്തെ കുറയ്ക്കുന്നതിലും വരുമാന ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലും ആവശ്യമുള്ളവര്‍ക്ക് നേരിട്ട് സഹായം നല്‍കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ നേട്ടത്തിന് കാരണമെന്ന് കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ദാരിദ്ര്യവും സമത്വവുമായി ബന്ധപ്പെട്ട് ലോക ബാങ്കിന്റെ 2025 റിപ്പോര്‍ട്ട് അനുസരിച്ച് 2011 മുതല്‍ 2023 വരെ 17.1 കോടി ഇന്ത്യക്കാരാണ് കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത്. പ്രതിദിനം ശരാശരി 2.15 ഡോളര്‍ കൈവശം ഇല്ലാത്തവരെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയായി കണക്കാക്കുന്നത്. രാജ്യത്ത് അതി ദാരിദ്ര്യ നിരക്ക് 16.2 ശതമാനത്തില്‍ നിന്ന് വെറും 2.3 ശതമാനമായി കുറഞ്ഞതായും ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പിഎം ജന്‍ ധന്‍ യോജന, ആയുഷ്മാന്‍ ഭാരത്, ഗരീബ് കല്യാണ്‍ യോജന തുടങ്ങിയ പദ്ധതികളാണ് ദാരിദ്ര്യം കുറച്ചതില്‍ നിര്‍ണായകമായതെന്നാണ് റിപ്പോർട്ട്.