പാക്ആ ണവായുധ ശേഖരത്തിന്റെ വലിയൊരു ഭാഗം സ്ഥിതിചെയ്യുന്ന കിരാന കുന്നുകളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. ടൈംസ് ഓഫ് ഇന്ത്യയാണ് സാറ്റലൈറ്റ് ഇമേജറി വിദഗ്ദനായ ഡാമിയന്‍ സൈമൺ എക്സിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൈമണ്‍ പറയുന്നത് അനുസരിച്ച്, മെയ് മാസത്തില്‍ ഓപ്പറേഷന് സിന്ദൂറിനിടെ ഇന്ത്യ കിരാന കുന്നുകള്‍ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചിരുന്നു. മിസൈലിന്റെ ഇംപാക്ട് പോയിന്റാണ് പുറത്തുവിട്ടിരിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സര്‍ഗോധ വ്യോമതാവളത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തിയ റണ്‍വേകളുടെ ഉപഗ്രഹ ചിത്രങ്ങളും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. എന്നാൽ കിരാനയിലെ പാക് ആണവകേന്ദ്രത്തെ ഇന്ത്യന്‍ സായുധ സേന ലക്ഷ്യമിട്ടിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് എയര്‍ മാര്‍ഷല്‍ എ കെ ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു.
പാകിസ്താന്റെ ആണവ, മിസൈല്‍ വികസന പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന തന്ത്രപ്രധാന മേഖലയാണ് കിരാന കുന്നുകള്‍. ഇന്ത്യയുടെ ആക്രമണം പാകിസ്ഥാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ നേരത്തെ തന്നെ ആക്രമണം നിഷേധിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ഓപ്പറേഷന് സിന്ദൂറിന്റെ യഥാര്‍ത്ഥ വ്യാപ്തിയും ലക്ഷ്യങ്ങളും സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
ഇന്ത്യ- പാകിസ്താന് സംഘര്‍ഷം അതീവ ഗുരുതരമായിരുന്നുവെന്നും യുദ്ധവിമാനങ്ങള്‍ വെടിവെച്ചിടുന്ന സ്ഥിതിയില്‍ വരെ കാര്യങ്ങളെത്തിയെന്നും കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. വൈറ്റ് ഹൗസില്‍ ചില റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കളെ വിളിച്ച് നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം.