സഹപ്രവർത്തകരെ ഡേറ്റ് ചെയ്യുന്നവർക്ക് ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു കമ്പനി. ഒരു കമ്പനിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ ആ കമ്പനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം. യുഎസ് ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ക്ലൂലി എന്ന കമ്പനിയാണ് ഈ പുതിയ നയം കൊണ്ടുവന്നത്. സഹപ്രവർത്തകനെ വിജയകരമായി ഡേറ്റ് ചെയ്യുന്നവർക്ക് 500 ഡോളറാണ് (43000 രൂപ) ബോണസായി നൽകുന്നത്.
ക്ലൂലിയുടെ സിഇഒ തന്നെയാണ് തങ്ങളുടെ ഈ നയം തന്റെ ലിങ്ക്ഡ് ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പിന്നാലെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. എല്ലാവരും സന്തോഷത്തോടെ ജീവിക്കണമെന്നും ഡേറ്റിംഗ് നമ്മുടെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
ക്ലൂലി ടീമിലെ അംഗത്തെ ഡേറ്റ് ചെയ്യുവാനായി അതേ കമ്പനിയിലെ മറ്റൊരു അംഗത്തിന് തോന്നിയാൽ സിഇഒയെ നേരിട്ട് അറിയിക്കാം. പങ്കാളിയെ കണ്ടെത്തുന്നവർക്കും ബോണസുണ്ട്. ഒരു സഹപ്രവർത്തകന് യോജിച്ച പങ്കാളിയെ കണ്ടെത്തി നൽകി. അത് വിജയിച്ചാൽ അയാൾക്കും ഒരു തവണയുള്ള 500 ഡോളർ ബോണസ് ലഭിക്കും.
ഈ രീതി എന്നും ഇങ്ങനെ തുടർന്നുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സിഇഒ പറഞ്ഞു. ജീവനക്കാരുടെ സന്തോഷത്തിനും മാനസികാരോഗ്യത്തിനും ഈ രീതി വളരെ ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ കണ്ടെത്തൽ.