ഫോണിലെ ബാറ്ററി പെട്ടെന്ന് കുറഞ്ഞു പോകുന്നത് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ സ്ഥിരം പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ബാറ്രറി കുറയുന്നതെന്നും അത് പരിഹരിക്കുന്നത് എങ്ങനെയാണെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് ഗൂഗിള്‍.
ഇന്‍സ്റ്റഗ്രാമിന്റെ അടുത്തകാലത്ത് പുറത്തുവന്ന ഒരു വേര്‍ഷന്‍ അമിതമായ ബാറ്ററി ഉപയോഗത്തിന് കാരണമായെന്നും അതിനുളള പരിഹാരം കമ്പനി കണ്ടെത്തിയിട്ടുണ്ടെന്നും ഗൂഗിള്‍ സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം 382.00.49.84 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നത്. ആന്‍ഡ്രോയിഡ് ഹെല്‍പ്പ് കമ്യൂണിറ്റിയിലാണ് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റ് പരിശോധിക്കാന്‍ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ആപ്പ് ഐക്കണില്‍ ലോംഗ് പ്രസ് ചെയ്ത് App info തിരഞ്ഞെടുത്ത് ആപ്പ് വേര്‍ഷന്‍ കണ്ടെത്താന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. ഗൂഗിള്‍ , സാംസങ്, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളുടെ മോഡലുകള്‍ ഉള്‍പ്പെടെ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ അപ്ഡേറ്റ് ലഭ്യമാണ്.
ഈ മാസം ആദ്യം ഒരു പിക്സല്‍ സോഫ്റ്റ് വെയര്‍ അപ്ഡേറ്റിന് തൊട്ടുപിന്നാലെ ഗൂഗിള്‍ പിക്സല്‍ ഫോണുകളെ ഈ പ്രശ്നം ബാധിച്ചതായി 9 to 5 Google റിപ്പോര്‍ട്ട് ചെയ്തിരുന്നു . ബാറ്ററി കുറയുന്നതിനെക്കുറിച്ചുള്ള ഉപയോക്താക്കളുടെ ആശങ്കയ്ക്ക് മറുപടിയായി ഗൂഗിള്‍ ഉപയോക്താക്കളോട് ഇന്‍സ്റ്റഗ്രാം അപ്ഡേറ്റ് നിര്‍ദ്ദേശിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്ന ആപ്പുകള്‍ എങ്ങനെ തിരിച്ചറിയും ?
ഫോണ്‍ സെറ്റിങ്സ് എടുത്ത് ഏറ്റവും താഴെയുള്ള എബൗട്ട് ഫോണ്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതില്‍ ബാറ്ററി യൂസ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ സ്‌ക്രീനില്‍ കൂടുതല്‍ ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്ന ആപ്പുകളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
എത്ര തവണ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം എന്നത് ഓരോ ബാറ്ററിക്കും ഉണ്ട്. എന്നാല്‍ തെറ്റായ രീതിയിലുള്ള ഉപയോഗങ്ങള്‍ ബാറ്ററിയുടെ ആയുസ്സിനെ സാരമായി ബാധിക്കും. കൂടുതല്‍ സമയം ഗെയിം കളിക്കുക അല്ലെങ്കില്‍ കൂടുതല്‍ സമയം സിനിമ കാണുക എന്നതൊക്കെ ബാറ്ററിയുടെ ആയുസ്സിനെ ബാധിക്കുന്ന കാര്യങ്ങളാണ്.
കൂടാതെ ആവശ്യമില്ലാതെ ഫോണിന്റെ ഡിസ്പ്ലേ സ്‌ക്രീന്‍ ഓണാക്കി വെക്കുക, ഡിസ്‌പ്ലേ ബ്രൈറ്റ്‌നെസ് കൂടുതലാക്കി വെക്കുക, GPS ലൊക്കേഷന്‍ ഓണ്‍ ചെയ്ത് വെക്കുക, ഇന്റര്‍നെറ്റില്‍ അധികമായി വരുന്ന പരസ്യങ്ങള്‍, ബാക്ക്ഗ്രൗണ്ടില്‍ ഓണ്‍ ചെയ്ത് വെച്ചിരിക്കുന്ന ആപ്പുകള്‍ എന്നിവയെല്ലാം മൊബൈല്‍ ഫോണിന്റെ ചാര്‍ജ് പെട്ടെന്ന് കുറയാന്‍ കാരണമാകും. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ നല്ല ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.