ഹിമാചൽ പ്രദേശിലെ ചില സ്ഥലങ്ങളിൽ ഇന്നും ബഹുഭർതൃത്വം നിലവിലുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് പുറത്തുവരുന്നത്. ദി ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം സിർമൗർ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിൽ നിന്നുള്ള പ്രദീപ് നേഗിയും കപിൽ നേഗിയുമാണ് ഒരേ യുവതിയെ ഒരുമിച്ച് വിവാഹം കഴിച്ചത്. സമീപത്തെ കുൻഹട്ട് എന്ന ഗ്രാമത്തിൽ നിന്നുള്ള സുനിത ചൗഹാനുമായിട്ടായിരുന്നു സഹോദരങ്ങളുടെ വിവാഹം.
ഹാട്ടി സമൂഹത്തിൽ പെടുന്നവരാണ് ഇവർ. ഇവരുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് സഹോദരങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരാളെ തന്നെ വിവാഹം കഴിച്ചിരിക്കുന്നത്.
കാലങ്ങളായി ഈ ആചാരം ആരും അധികം പിന്തുടരുന്നില്ല. അതിനാൽ തന്നെ പ്രദീപിന്റെയും കപിലിന്റെയും വിവാഹം വലിയ ശ്രദ്ധയാണ് നേടിയത്. രണ്ട് കുടുംബങ്ങളുടെയും, വരൻമാരുടേയും, വധുവിന്റെയും, സമുദായത്തിന്റെയും സമ്മതത്തോടും എല്ലാവരുടെയും പങ്കാളിത്തത്തോടെയും തന്നെയാണ് വിവാഹം നടന്നിരിക്കുന്നത്.
മൂത്ത സഹോദരനായ പ്രദീപ് ജൽശക്തി വകുപ്പിലാണ് ജോലി ചെയ്യുന്നത്, കപിൽ വിദേശത്ത് ഹോസ്പിറ്റാലിറ്റി മേഖലയിലും ജോലി ചെയ്യുന്നു. ഇത് എല്ലാവരുടെയും സമ്മതത്തോടെ, ഒരുപോലെ എടുത്ത തീരുമാനമാണ് എന്നാണ്. സഹോദരന്മാർ പറയുന്നത്. അറിഞ്ഞുകൊണ്ട് പൂർണമനസോടെ തന്നെ എടുത്ത തീരുമാനമാണ് ഇത് എന്ന് സുനിതയും പറഞ്ഞതായി മാധ്യമങ്ങൾ എഴുതുന്നു.
സിർമൗർ ജില്ലയിലെ ട്രാൻസ്-ഗിരി പ്രദേശത്തും ഉത്തരാഖണ്ഡിന്റെ മറ്റ് ഭാഗങ്ങളിലും ഈ ആചാരം കാണപ്പെടാറുണ്ട്. കുടുംബത്തിന്റെ ഐക്യം സംരക്ഷിക്കാനും, പൂർവ്വികരുടെ ഭൂമി പലർക്കിടയിലായി വിഭജിച്ച് പോകുന്നത് തടയാനും, ഒരു സ്ത്രീയും വിധവയായി തുടരുന്നില്ല എന്ന് ഉറപ്പാക്കാനുമായിട്ടാണത്രെ ഈ ആചാരം പിന്തുടർന്നിരുന്നത്.