ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്നതിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി. മുന്‍ ഭാര്യ ഹസിന്‍ ജഹാനും മകള്‍ ഐറക്കും ജീവനാംശം നല്‍കണമെന്നാണ് നിലവിൽ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതിമാസം 4 ലക്ഷം രൂപ നൽകണമെന്നാണ് ഉത്തരവ്.
ഹസിൻ ജഹാന് ജീവനാംശമായി 1.5 ലക്ഷം രൂപയും മകളുടെ പരിചരണത്തിനായി 2.5 ലക്ഷം രൂപയും നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. ഏഴ് വര്‍ഷം മുന്‍കാല പ്രാബല്യത്തോടെയാണ് ജീവനാംശം നല്‍കേണ്ടത്. അതായത് 3.36 കോടി രൂപയാണ് നിലവില്‍ ഷമി നല്‍കേണ്ടത്. കേസില്‍ ആറ് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തിട്ടുണ്ട്. നേരത്തെ, ഷമിയിൽ നിന്ന് പ്രതിമാസം ഏഴ് ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഹസിൻ ജഹാൻ അലിപൂർ കോടതിയില്‍ ഹർജി നൽകിയിരുന്നു.
2014-ലായിരുന്നു മോഡലായ ഹസിൻ ജഹാനെ ഷമി വിവാഹം കഴിച്ചത്.
2015-ലാണ് ഇരുവര്‍ക്കും മകളുണ്ടാവുന്നത്. ഇതിനുശേഷം ഗാർഹിക പീഡനം, മറ്റ് സ്ത്രീകളുമായി ബന്ധം ഉള്‍പ്പെടെ ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച്ഹസിന്‍ ജഹാൻ രംഗത്ത് എത്തി. 2018 മുതൽ വേർപിരിഞ്ഞ ഇരുവരും 2022-ൽ വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ ഷമിക്കെതിരായ ഗാർഹിക പീഡനക്കേസിന്‍റെ വിചാരണ പുരോഗമിക്കുകയാണ്.
നിലവിൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുറത്താണ് മുഹമ്മദ് ഷമി. ഇന്ത്യയ്ക്കായി 64 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 229 വിക്കറ്റുകൾ ഷമി നേടിയിട്ടുണ്ട്.