വയനാട് ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.. ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് കാണാതായ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. മാത്രമല്ല ഇയാളുടെ ശരീരത്തില്‍ ഗുരുതര പരിക്കുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. 2024 മാര്‍ച്ച് 20ന് കോഴിക്കോട് മായനാട്ടെ വാടക വീട്ടില്‍ നിന്ന് ഇറങ്ങിയ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രന്‍റെ മൃതദേഹമാണ് തമിഴ്നാട് ചേരമ്പാടിയിലെ ഉള്‍വനത്തില്‍ നിന്നും കണ്ടെത്തിയത്.
ഊട്ടി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുകയാണ്. ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനാ ഫലം കിട്ടുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി അജേഷ് ബി എസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വയനാട് ബീനാച്ചി സ്വദേശി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസം രാവിലെയോടെ തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആനകളുടെ താവളമായ വനപ്രദേശത്ത് എങ്ങനെയാണ് മൃതദേഹം മറവ് ചെയ്തതെന്നും കൂടുതല്‍ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.പുറത്തുകുത്തേറ്റ് കുത്തിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ചെറുകിട ചിട്ടി നടത്തുന്നയാളായിരുന്നു ഹേമചന്ദ്രന്‍. ഇയാള്‍ കുറച്ചാളുകള്‍ക്ക് പണം നല്‍കാനുണ്ടായിരുന്നു. ഇതിനിടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തേക്ക് പ്രതികള്‍ ഹേമചന്ദ്രന്റെ പെണ്‍സുഹൃത്തിനെ കൊണ്ട് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഹേമചന്ദ്രനെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. പിറ്റേദിവസം ഹേമചന്ദ്രന്‍ മരിച്ചു. തൊട്ടടുത്ത ദിവസം പ്രതികള്‍ മൃതദേഹം തമിഴ്നാട്ടിലെ ചേരമ്പാടിയില്‍ വനത്തില്‍ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
ഹേമചന്ദ്രനെ മറന്നേക്ക് എന്നു പറഞ്ഞ് കേസിലെ മുഖ്യപ്രതിയായ നൗഷദ് ഭീഷണിപ്പെടുത്തിയിരുന്നതായി ഹേമചന്ദ്രന്‍റെ ഭാര്യ പറഞ്ഞു. പല തവണ വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഒരു തവണ വിളിച്ചപ്പോള്‍ ബത്തേരിയിലുള്ള കൂട്ടുകാരന്‍ നൗഷാദ് ഫോണെടുത്തു. ഞങ്ങളൊടുപ്പമുണ്ട്, കുഴപ്പമില്ലെന്ന് പറഞ്ഞു.
അതിനിടെയില്‍ തന്നെ നൗഷാദും സംഘവും ഉപദ്രവിച്ചെന്ന് ഹേമചന്ദ്രന്‍ പറഞ്ഞതായും സുഭിഷ വ്യക്തമാക്കി. ‘മാര്‍ച്ച് 24 നാണ് അവസാനമായി വിളിച്ചത്. മൈസൂരാണെന്ന് പറഞ്ഞു. മാര്‍ച്ച് 22ന് വിളിച്ചപ്പോള്‍ നൗഷാദാണ് ഫോണെടുത്തത്. മൂന്ന് ലക്ഷം രൂപ തരാനുണ്ടെന്നും പണം ഇല്ലെങ്കില്‍ ഹേമനെ നിങ്ങളങ്ങ് മറന്നേക്ക്’ എന്ന് ഭീഷണിപ്പെടുത്തിയതായും ഭാര്യ പറയുന്നു.