ഹേമചന്ദ്രൻ കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടുന്നതിന് മുൻപ് കത്തിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നാണ് പുതിയ വിവരം. പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറിയാണ് തീ കൊളുത്തിയത്.
പക്ഷേ പ്രതീക്ഷകൾക്കപ്പുറം തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നു.
തണുപ്പുള്ള അന്തരീക്ഷമായതിനാലാണ് പതിനഞ്ചുമാസത്തോളം ചതുപ്പ് പ്രദേശത്ത് മണ്ണിട്ട് മൂടിയിട്ടും ഹേമചന്ദ്രന്‍റെ ശരീരഭാഗങ്ങള്‍ കൂടുതല്‍ ദ്രവിക്കാതിരുന്നതെന്നാണ് നിഗമനം. കേസിൽ ഗള്‍ഫിലുള്ള മുഖ്യ പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
2024 മാര്‍ച്ച് 20-നാണ് പ്രേമചന്ദ്രനെ കാണാതാകുന്നത്. കാണാതാകുന്ന സമയത്ത് ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മായനാട് നടപ്പാലത്ത് എന്ന സ്ഥലത്ത് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പെണ്‍സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയിരുന്നതായുള്ള നിര്‍ണായക വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് വയനാട് ചീരാലിനടുത്ത മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി ബിഎസ്. അജേഷ് എന്നിവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്താവുന്നത്. ഹേമചന്ദ്രൻ പലർക്കായി 20 ലക്ഷത്തോളം രൂപ നൽകാൻ ഉണ്ടായിരുന്നതായാണ് പറയുന്നത്. പണം കൊടുത്ത പ്രതികൾ ഇത് തിരികെ ആവശ്യപ്പെടുന്നതിനായി പ്രേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ച് മർദ്ദിച്ചു, പിന്നീട് വയനാട്ടിലെ ഒളിസങ്കേതത്തിലെത്തിച്ചും മർദ്ദിച്ചു.
പിന്നീട് ഹേമചന്ദ്രനെ മുറിയിൽ പൂട്ടിയിട്ട ശേഷം പ്രതികൾ പോയി. അടുത്തദിവസം തിരികെ മുറിയിൽ എത്തിയപ്പോൾ ഹേമ ചന്ദ്രൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്നാണ് മൃതദേഹം ചേരമ്പാടിയിൽ എത്തിച്ച് തമിഴ്നാട് വനത്തിൽ കുഴിച്ചുമൂടിയത്.