മഴ അതിശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
നാളെ ഈ ജില്ലകളില്‍ റെഡ് അലർട്ടാണ്. ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപഠന ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
വയനാട് റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുകയും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലായ് 19ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.