സംസ്ഥാനത്ത് മഴ വീണ്ടും വർധിക്കുന്നു. മധ്യകേരളത്തില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് വൈകുന്നേരം 05.30 മുതല്‍ 04/08/2025 രാത്രി 08.30 വരെ 1.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് ഇന്ന് പകല്‍ 11.30 മുതല്‍ നാളെ പകല്‍ 11.30 വരെ 1.6 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.