ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാൻ വ്യോമസേനയ്ക്ക് കനത്ത തിരിച്ചടി നൽകിയെന്ന് റിപ്പോർട്ട് പാകിസ്ഥാന്റെ ആറ് യുദ്ധവിമാനങ്ങൾ, രണ്ട് പ്രധാനപ്പെട്ട നിരീക്ഷണ വിമാനങ്ങൾ, ഒരു സി-130 ട്രാൻസ്പോർട്ട് വിമാനം, 30-ലധികം മിസൈലുകൾ, നിരവധി ആളില്ലാ വ്യോമാക്രമണ സംവിധാനങ്ങൾ എന്നിവ ഇന്ത്യൻ വ്യോമസേന നശിപ്പിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഇലക്ട്രോണിക് യുദ്ധവിമാനം അല്ലെങ്കിൽ എയർബോൺ ഏർലി വാണിംഗ് അല്ലെങ്കിൽ കൺട്രോൾ എയർക്രാഫ്റ്റ് എന്ന് കരുതുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്ലാറ്റ്ഫോം സുദർശൻ മിസൈൽ സംവിധാനം ഉപയോഗിച്ച് 300 കിലോമീറ്റർ അകലെ നിന്ന് കൃത്യതയോടെ തകർത്തതായാണ് റിപ്പോർട്ട്.
ആകാശത്ത് നിന്ന് കരയിലേയ്ക്ക് തൊടുക്കാവുന്ന ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ഭോലാരി വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിൽ സ്വീഡിഷ് നിർമ്മിതമായ മറ്റൊരു വ്യോമ മുന്നറിയിപ്പ് വിമാനം തകർപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമണം നടക്കുന്ന സമയത്ത് ഹാംഗറുകൾക്കുള്ളിൽ യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നതായി ഇന്റലിജൻസ് സൂചനയുണ്ട്. എന്നാൽ ഇവിടെ നിന്നും പാകിസ്ഥാൻ ഇതുവരെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതിനാൽ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ആക്രമണത്തിന് ശേഷം പാക് യുദ്ധവിമാനങ്ങൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന്റെ ദൃശ്യ സ്ഥിരീകരണം ഇന്ത്യൻ വ്യോമസേനയുടെ റഡാർ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പകർത്തിയിട്ടുണ്ട്. ഇതിനുപുറമെ, പാകിസ്താനിലെ പഞ്ചാബ് മേഖലയിൽ ഇന്ത്യ നടത്തിയ ഡ്രോൺ ആക്രമണത്തിനിടെ പാകിസ്താൻ വ്യോമസേനയുടെ ഒരു സി-130 ഗതാഗത വിമാനവും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്.