സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലര്‍ച്ചെ 1.15 നെന്ന് റിപ്പോർട്ട്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലില്‍ തനിച്ച് പാര്‍പ്പിച്ചിരുന്ന സെല്ലിലെ അഴികള്‍ മുറിച്ചാണ് ഇയാള്‍ പുറത്ത് കടന്നത്. അലക്കാന്‍ വെച്ചിരുന്ന തുണികള്‍ കൂട്ടിക്കെട്ടി കയര്‍ പോലെയാക്കി. മതിലിലെ ഫെന്‍സിങില്‍ തുണി കുരുക്കിയതിന് പിന്നാലെ . അതേ തുണി ഉപയോഗിച്ച് ഇയാള്‍ മതിലില്‍ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു.
ഇതെല്ലാം ഒരു ഒറ്റക്കയ്യന്‍ എങ്ങനെ ഒറ്റയ്ക്ക് ചെയ്തുവെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഈ സമയത്ത് പുറത്ത് നിന്നും ഇയാള്‍ക്ക് സഹായം ലഭിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം . ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ സിസിടിവില്‍ ഉണ്ട്. എന്നാല്‍ ജയിലുദ്യോഗസ്ഥര്‍ വിവരമറിഞ്ഞത് രാവിലെ അഞ്ച് മണിയോടെയാണ്.
അതിസുരക്ഷാ ജയിലിലെ കമ്പി വളച്ചും മുറിച്ചും തുണി കെട്ടിയുമാണ് ഇയാള്‍ ജയില്‍ചാടിയത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി കൊണ്ടുള്ള ഫെന്‍സിംഗ് ഉണ്ട്. ഇത് വഴിയാണ് തുണി വടമാക്കി മതിലിൽ കയറിയതും പുറത്തേക്ക് ഇറങ്ങിയതും. ജയില്‍ വളപ്പിനുള്ളില്‍ ഇയാള്‍ ഇല്ല എന്ന് അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാര്‍ളി തോമസ് എന്ന പേരിലും ഇയാള്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് രേഖകളില്‍ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി. സംസ്ഥാന വ്യാപകമായി ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിൽ വെച്ചായിരുന്നു സൗമ്യയെ ഗോവിന്ദചാമി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.