ജയിൽ ചാടിയ കൊടുംകുറ്റവാളി കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായി. .കറുത്ത പാന്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ പൂട്ടികിടക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള കിണറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ പോലീസ് ട്രെയിനിങ് സെൻററിലേക്ക് ഉടൻമാറ്റുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെയോടെയാണ് ഗോവിന്ദചാമി ജയിൽചാടിയത്. ജയിൽ അധികൃതർ ഈ വിവരം അറിയുന്നത് രാവിലെ ഏഴ് മണിയോടെയാണ്. ഗോവിന്ദചാമിയ്ക്ക് വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടയിലാണ് കണ്ണൂർ പട്ടണത്തിൽ നിന്നുതന്നെ ഇയാൾ പിടികൂടിയത്.
അതേസമയം, ജയിൽ ചാടാൻ ഗോവിന്ദചാമിയ്ക്ക് ജയിലിനുള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്.
2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വെച്ചായിരുന്നു സൗമ്യയെ ഗോവിന്ദചാമി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.