മരുന്നും ഉപകരണങ്ങളും വാങ്ങിയതിൽ വന്ന ഭീമമായ കുടിശ്ശിക സർക്കാർ ആശുപത്രികളെ കടുത്ത പ്രതിസന്ധിയിലാക്കി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലും കെഎംഎസ്‍സിഎൽ വഴിയുമുള്ള പർച്ചേസിലുമായി 2200 കോടിയിലധികം രൂപയുടെ ഭീമമായ കുടിശ്ശികയാണ് ഇപ്പോൾ നിലവിലുള്ളത്.
ഇത്രയും പണം കിട്ടാതെ കിടക്കുന്നതിനാൽ സർക്കാര് ആശുപത്രികൾക്ക് മരുന്നും ഉപകരണങ്ങളും വിതരണം ചെയ്യാൻ കരാറുകാർ തയ്യാറല്ല
സംസ്ഥാന ആരോഗ്യരംഗത്തെ അഭിമാന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. പദ്ധതിയിൽ ചേർന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ആശുപത്രികൾക്ക് ബാധ്യതയുണ്ട്. ഇതിനായി ചെലവാകുന്ന പണം ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് നൽകും. എന്നാൽ കുറച്ചുകാലമായി ഈ തുക കുടിശ്ശികയായതോടെ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ് . പണം കിട്ടാതായതോടെ വിതരണക്കാർ ആശുപത്രികളെ കയ്യൊഴിഞ്ഞു.
കാസ്പിൽ 1200 കോടി രൂപയെങ്കിലും കുടിശ്ശികയുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിക്ക് മാത്രം കിട്ടാനുള്ള തുക 200 കോടിയോളം രൂപയാണ്. കോട്ടയം മെഡിക്കൽ കോളെജിനും കിട്ടാനുണ്ട് 150 കോടിക്കടുത്ത്. പദ്ധതി നടത്തിക്കൊണ്ട്പോകാനോ, വിതരണക്കാർക്കുള്ള കുടിശ്ശിക തീർക്കാനോ പറ്റാതെ മെഡിക്കൽ കോളെജ് ആശുപത്രികൾ വലയുകയാണ്.
കെഎംഎസ്‍സിഎൽ വിവിധ മരുന്ന്, ഉപകരണ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക 1000 കോടിക്കടുത്താണ്. ഇതിൽ ഉപകരണയിനത്തിൽ 180 കോടി വരെ കുടിശ്ശികയുണ്ട്. പ്രധാന സപ്ലൈയേഴ്സായ സീമെൻസ്, അസെൻജർ തുടങ്ങിയ പ്രധാന കരാറുകാർക്ക് എല്ലാം പണം കുടിശ്ശികയാണ്.