ഇനി ഒരു ഭാഷയില്‍ സംസാരിക്കാന്‍ അത് അറിയണമെന്നില്ല. ഇപ്പോഴിതാ ഗൂഗിള്‍ അതിനായി പുതിയൊരു സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ജെമിനൈ എഐയിലും അധിഷ്ഠിതമായ ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ഗൂഗിള്‍ I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ നടത്തിയത്. അതിലൊന്നാണ് ഗൂഗിള്‍ മീറ്റില്‍ അവതരിപ്പിച്ച എഐ അധിഷ്ഠിത ശബ്ദ വിവര്‍ത്തന സംവിധാനം.
ഇതുവഴി രണ്ട് ഭാഷ സംസാരിക്കുന്നവര്‍ തമ്മില്‍ ഭാഷയുടെ തടസമില്ലാതെ ആശയവിനിമയം നടത്താന്‍ സാധിക്കും. എഐയുടെ സഹായം പ്രയോജനപ്പെടുത്തി വ്യത്യസ്ത ഭാഷയിലുള്ള സംഭാഷണങ്ങള്‍ തത്സമയം തര്‍ജ്ജമ ചെയ്യാന്‍ ഇതുവഴി സാധിക്കും.
ഇതിന്റെ ഒരു മാതൃക സുന്ദര്‍ പിച്ചൈ അവതരിപ്പിച്ചു ‘ഇത് തര്‍ജ്ജമ ചെയ്ത സംഭാഷണങ്ങള്‍ സബ്ടൈറ്റിലായി സ്‌ക്രീനില്‍ കാണിക്കുന്ന ഫീച്ചര്‍ അല്ല, മറിച്ച് സംസാരിക്കുന്നയാളിന്റെ ശബ്ദം അതിന്റെ സ്വരം, ഭാവം, ശൈലി എന്നിവ മാറാതെ മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇതിന് സാധിക്കും.’ സുന്ദര്‍ പിച്ചൈ പറഞ്ഞു.
സംസാരിക്കുന്നയാളിന്റെ ശബ്ദം തന്നെയായിരിക്കും മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ശബ്ദവും. അതായത് നിങ്ങള്‍ മലയാളത്തില്‍ സംസാരിച്ചാല്‍ മറുവശത്തുള്ളയാള്‍ക്ക് അയാള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ശബ്ദത്തില്‍ തന്നെ കേള്‍ക്കാനാവും.
റിയല്‍ടൈം ഓഡിയോ ട്രാന്‍സ്ലേഷന്‍ ടൂളിന്റെ ബീറ്റാ പതിപ്പ് ഗൂഗിള്‍ എഐ പ്രോ, അള്‍ട്രാ പ്ലാനുകള്‍ സബ്സ്‌ക്രൈബ് ചെയ്തവര്‍ക്കാണ് ലഭ്യമാക്കുക. തുടക്കത്തില്‍ ഇംഗ്ലീഷ് സ്പാനിഷ് ഭാഷകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക.