ഉരുക്കുസുരക്ഷയുമായി അമേരിക്ക. ഇനി ഭൂമിയിലെ ഏതെങ്കിലും രാജ്യങ്ങളില്‍ നിന്നോ ഭൂമിക്കപ്പുറം ബഹിരാകാശത്ത് നിന്നോ ഇനി അമേരിക്കയ്ക്ക് നേരെ മിസൈല്‍ ആക്രമണമുണ്ടാകില്ല. അത്തരമൊരു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗോള്‍ഡന്‍ ഡോം എന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തെ കുറിച്ചാണ് ട്രംപ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എവിടെ നിന്നും അമേരിക്കയ്ക്ക് നേരെയുണ്ടാകുന്ന മിസൈല്‍ ആക്രമണങ്ങളെ തകര്‍ക്കാനാണ് ഗോള്‍ഡന്‍ ഡോം സംവിധാനം.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനൊപ്പമാണ് ട്രംപ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. താന്‍ അധികാരം ഒഴിയുന്നതിന് മുന്‍പ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. പദ്ധതിയുടെ തുടക്കം എന്ന നിലയില്‍ 2500 കോടി ഡോളര്‍ ഇതിനായി അനുവദിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
‘ഒരിക്കല്‍ പൂര്‍ണമാക്കിയാല്‍ ഗോള്‍ഡന്‍ ഡോം ലോകത്തിന്റെ മറുഭാഗത്തുനിന്നടക്കമുള്ള മിസൈലുകളെയും അഥവാ അവ ബഹിരാകാശത്ത് നിന്നും അയച്ചതായാല്‍ പോലും പ്രതിരോധിക്കാന്‍ സാധിക്കും.’ ട്രംപ് അവകാശപ്പെട്ടു. മിസൈല്‍ ഭീഷണികളെ എന്നന്നേക്കുമായി അവസാനിപ്പിക്കും എന്നാണ് ട്രംപ് പറയുന്നത്. ചെറുത്, മീഡിയം, വലുത് എന്നിങ്ങനെ മൂന്ന് തരത്തിലുള്ളവയെയാണ് ഗോള്‍ഡന്‍ ഡോം മാതൃകകളാണ് പെന്റഗണ്‍, പ്രസിഡന്റിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഏത് വലുപ്പം വേണമെന്ന് ട്രംപ് ഇതുവരെ തീരുമാനിച്ചിട്ടില്ല.
അമേരിക്കന്‍ സ്പേസ് ഫോഴ്സിലെ ജനറല്‍ മൈക്കല്‍ ഗട്ട്ലിനാകും പദ്ധതിയുടെ മേല്‍നോട്ട ചുമതല. സൈനിക പേലോഡുകള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനുള്ള റോക്കറ്റുകള്‍ വിക്ഷേപിക്കാനും നിരീക്ഷണ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനും പ്രാപ്തിയുള്ള ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് അടക്കം കമ്പനികളുടെ പങ്കാളിത്തം ഈ പുതിയ പദ്ധതിയില്‍ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.