ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഒരുക്കങ്ങളിലാണ് ടീം ഇന്ത്യ. ഓവല്‍ ടെസ്റ്റിനു തയ്യാറെടുക്കവെ പിച്ച് ക്യുറേറ്ററെ കോച്ച് ഗൗതം ഗഭീര്‍ പരസ്യമായി ശകാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മത്സരവേദിയായ ഓവലിലെ ക്യുറേറ്ററും ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറും തമ്മിലാണ് വാക്‌പോര് നടന്നത്.
സന്ദര്‍ശക ടീമിന് ഓവലില്‍ ഒരുക്കിയ സംവിധാനങ്ങളിലെ അതൃപ്തിയാണ് ഗംഭീര്‍ വൈകാരികമായി പ്രതികരിക്കാന്‍ കാരണമെന്നാണ് വിവരം. ഗ്രൗണ്ട് സ്റ്റാഫുമായി ഗംഭീര്‍ വളരെ രൂക്ഷമായ ഭാഷയിലാണ് സംസാരിക്കുന്നത. ലീ ഫോര്‍ട്ടിസിനു നേരെ വിരല്‍ ചൂണ്ടി ഗംഭീര്‍ കോപാകുലനായി അലറുന്നത് ഈ ദൃശ്യങ്ങളിൽ കാണാം. ”എന്താണ് ചെയ്യേണ്ടതെന്ന് നീ ഞങ്ങളെ പഠിപ്പിക്കേണ്ട’ എന്ന് പറഞ്ഞാണ് ഗംഭീര്‍ ഓവലിലെ ക്യുറേറ്ററോട് കുപിതനായതെന്നാണ് റിപ്പോര്‍ട്ട്. , ഇന്ത്യന്‍ പരിശീലക സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ഇടപെട്ടാണ് ഒടുവിൽ ഗംഭീറിനെ പിടിച്ചുമാറ്റിയത്.
വാക്കുതര്‍ക്കത്തിനിടെ, ഗംഭീറിനെതിരെ ഔദ്യോഗികമായി പരാതി നല്‍കുമെന്ന് ഗ്രൗണ്ട് സ്റ്റാഫ് പറഞ്ഞതും അദ്ദേഹത്തെ ചൊടിപ്പിച്ചുവെന്നാണ് വിവരം. ”നിനക്ക് ഇഷ്ടമുള്ളിടത്ത് പോയി പരാതി കൊടുക്ക്. പക്ഷേ, ഞങ്ങള്‍ എന്തു ചെയ്യണമെന്ന് പഠിപ്പിക്കാന്‍ വരേണ്ട’ ഗംഭീര്‍ തുറന്നടിച്ചു. ഓവലിലെ പിച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തവെയാണ് അവര്‍ക്കു മുന്നില്‍ വച്ച് ചീഫ് ക്യുറേറായ ലീ ഫോര്‍ട്ടിസിനെ ഗംഭീര്‍ ശകാരിച്ചത്.
മാഞ്ചസ്റ്റർ ടെസ്റ്റ് പൂർത്തിയായതിനു പിന്നാലെ തിങ്കളാഴ്ച ഇന്ത്യൻ ടീമംഗങ്ങൾ തിങ്കളാഴ്ചയാണ് ലണ്ടനിലെത്തിയത്. ചൊവ്വാഴ്ച ഇന്ത്യൻ ടീം പരിശീലനം നടത്താനും ധാരണയായിരുന്നു. ഇതിനിടെയാണ് ഓവലിലെ ക്യുറേറ്റർ ലീ ഫോർട്ടിസും ഗംഭീറും തമ്മിൽ കനത്ത വാക്കുതർക്കം ഉണ്ടായത്.