തന്റെ പുതിയ ചിത്രം ചിത്രം ‘ജെ.എസ്.കെ.’ നേരിടുന്ന സെൻസർ വിവാദത്തിൽ സുരേഷ് ഗോപിക്ക് കടുത്ത അമർഷമുണ്ടെന്ന് നിർമാതാവ് ജി. സുരേഷ് കുമാർ . സുരേഷ് ഗോപി എല്ലാം ഉള്ളിലൊതുക്കുകയാണെന്നും, ചിത്രത്തിന് വേണ്ടി സിനിമാ സംഘടനകൾ ശബ്ദമുയർത്തുമെന്നും അദ്ദേഹം അറിയിച്ചു.
സെൻസർ ബോർഡിലെ ചില ഉദ്യോഗസ്ഥർ സെൻസിബിളല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ജി. സുരേഷ് കുമാർ കുറ്റപ്പെടുത്തി. “സുരേഷ് ഗോപിക്ക് അമർഷമുണ്ട്. അദ്ദേഹം എല്ലാം ഉള്ളിലൊതുക്കുകയാണ്. സിനിമയ്ക്ക് വേണ്ടി ഞങ്ങൾ ശബ്ദമുയർത്തും,” സുരേഷ് കുമാർ പറഞ്ഞു. വിവാദങ്ങൾക്ക് തുടക്കം ‘എമ്പുരാൻ’ സിനിമയായിരുന്നുവെന്നും, ‘എമ്പുരാനോട്’ സെൻസർ ബോർഡ് പുലർത്തിയ അമിത ജാഗ്രതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻസർഷിപ്പ് വിഷയം ഉന്നയിച്ച് മലയാള സിനിമാ സംഘടനകൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. അമ്മ (AMMA), ഫെഫ്ക (FEFKA), പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ചേർന്ന് നൽകിയ നിവേദനം താൻ കേന്ദ്രമന്ത്രിക്ക് കൈമാറിയതായി സുരേഷ് കുമാർ വെളിപ്പെടുത്തി.
പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ എസ് കെ. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർക്ക് പുറമേ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്,രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു,വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.