ഓവൽ ടെസ്റ്റിൽ ആറ് റൺസിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ സമനിലയിലാക്കിയത് വലിയ ആവേശമായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 367 റണ്‍സിന് ഓള്‍ഔട്ടാക്കി ശുഭ്മാൻ ഗില്ലും സംഘവും വിജയം പിടിച്ചെടുക്കുകയായിരുന്നു. നാല് വിക്കറ്റ് കൈയിലിരിക്കെ 35 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് 28 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്.
ഈ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് പാകിസ്താന്റെ മുൻ ഫാസ്റ്റ് ബോളർ ഷബീർ അഹമ്മദ്. ഓവലിൽ ജയിക്കാനായി വേണ്ടി ഇന്ത്യന്‍ ടീം ബോളില്‍ കൃത്രിമം കാണിച്ചെന്ന് അവകാശപ്പെട്ടാണ് ഷബീര്‍ അഹമ്മദ് രംഗത്തെത്തിയത്.
ഇന്ത്യ പന്തിൽ വാസ്ലിന്‍ ഉപയോഗിച്ചെന്നും 80 ഓവറിന് ശേഷം പന്ത് പുതിയതായി നിലനില്‍ക്കാന്‍ കാരണം പെട്രോളിയം ജെല്ലിയാണെന്ന് അഹമ്മദ് ആരോപിച്ചു.
എക്‌സിലെ പോസ്റ്റിലാണ് പാക് മുന്‍ താരമായ ഷബീര്‍ ഓവല്‍ ടെസ്റ്റിലെ പന്തിന്‍റെ കാര്യത്തില്‍ ഈ സംശയം പ്രകടിപ്പിച്ചത്. ‘ഇന്ത്യ പന്തിൽ വാസ്‌ലിന്‍ ഉപയോഗിച്ചതായി ഞാന്‍ കരുതുന്നു. 80 ഓവറുകള്‍ക്ക് ശേഷവും പന്ത് പുതിയത് പോലെ നന്നായി തിളങ്ങുന്നുണ്ടായിരുന്നു. പരിശോധനയ്ക്കായി അംപയര്‍ ഈ ബോള്‍ ലാബിലേക്ക് അയക്കേണ്ടതുണ്ട് ‘, ഷബീര്‍ എക്‌സില്‍ കുറിച്ചു.