അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ വീടിന്‍റെ ചോര്‍ച്ചയെ കുറിച്ച് സോഷ്യൽമീഡിയയിൽ പറഞ്ഞിരുന്നു. ഇതു വലിയ ചർച്ചകൾക്ക് കാരണമാകുകയും ചെയ്തു. ഇപ്പോഴിതാ രേണുവിന്റെ ആരോപണത്തിന് മറുപടി നല്‍കി കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് രംഗത്തെത്തിയിരിക്കുകയാണ്.
രേണു പറയുന്നത് പച്ചക്കള്ളമാണെന്ന് ഫിറോസ് പറഞ്ഞു. ആ വീട് ചോരുന്നില്ലെന്ന് 100 അല്ല, 200 ശതമാനം ഉറപ്പാണെന്നും ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് നിര്‍മ്മിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. ജീവിതത്തിൽ ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഫിറോസിന്‍റെ പ്രതികരണം.
“ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ല, ഇത്രയധികം സങ്കടപെട്ട മറ്റൊരു ദിനമില്ല, ഒരുപാട് നന്ദി..രേണുവിന് ഈ ചോദ്യങ്ങൾ ചോദിപ്പിച്ചതിനും അതിനിങ്ങിനെ കള്ളം നിറഞ്ഞ മറുപടി നൽകി ഞങ്ങളെ സമൂഹത്തിൽ മോശക്കാരാക്കിയതിനും”, ഫിറോസ് ഫേസ്‌ബുക്കില്‍ കുറിച്ചു. ഇതിനൊപ്പം വിശദമായ വീഡിയോയും ഫിറോസ് ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
എല്ലാ വർഷവും പാവപ്പെട്ട കുടംബങ്ങള്‍ക്ക് ഞങ്ങള്‍ ഓരോ വീട് ചെയ്‌ത് കൊടുക്കാറുണ്ട്. അത്തരത്തിലാണ് സുധിയുടെ മക്കള്‍ക്ക് വേണ്ടിയും ഈ വീട് നിർമ്മിച്ചത്. വീട് മാത്രമാണ് ഞങ്ങൾ സാധാരണ നല്‍കാറുള്ളത്. എന്നാല്‍ ഈ വീട്ടിലേക്ക് ഫർണിച്ചറുകളും ടിവിയും വാട്ടർ ഫില്‍ട്ടറുമൊക്കെ നല്‍കാന്‍ സാധിച്ചു. അതിനൊക്കെ ഒരുപാട് ആളുകള്‍ സഹായിച്ചിട്ടുണ്ട്. വ്യക്‌തിപരമായി എന്‍റെ ഭാഗത്ത് നിന്നും വലിയൊരു തുക ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു..