യൂട്യൂബിന് പിന്നാലെ പുതിയ നയം പ്രഖ്യാപിച്ച് ഫേസ്ബുക്കും പ്ലാറ്റ്‌ഫോമിൽ ഒറിജിനൽ അല്ലാത്ത ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. വ്യാജവും കോപ്പിയടിച്ചതുമായ ഉള്ളടക്കങ്ങൾ പങ്കിടുന്നവർക്കെതിരെ കർശന നടപടിയാണ് മെറ്റ ഇനി സ്വീകരിക്കുക.
വളരെക്കാലമായി ഫേസ്ബുക്കിൽ പല പ്രൊഫൈലുകളും യഥാർഥ ക്രിയേറ്റേഴ്സിൻറെ അനുവാദമില്ലാതെ പോസ്റ്റുകൾ പകർത്തി സ്വന്തം പേരിൽ അവതരിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഒറിജിനൽ കണ്ടൻറ് ക്രിയേറ്റേഴ്സിന് അവരുടെ അവകാശങ്ങൾ ലഭിക്കുന്നതിനും അവരുടെ കണ്ടൻറ് കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനും വേണ്ടി റീപോസ്റ്റിംഗ് അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഇപ്പോൾ മെറ്റ തീരുമാനിച്ചു.
സ്‍പാമും ഡ്യൂപ്ലിക്കേറ്റ് ഉള്ളടക്കവും കുറയ്ക്കുന്നതിനും പ്ലാറ്റ്‌ഫോമിൽ യഥാർഥ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു ദീർഘകാല പദ്ധതി ആരംഭിച്ചതായി ഫേസ്ബുക്ക് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. 2025-ൻറെ ആദ്യ പകുതിയിൽ ഇത്തരത്തിൽ വ്യാജ ഇടപെടലുകളിലും കോപ്പി-പേസ്റ്റ് ഉള്ളടക്കത്തിലും ഉൾപ്പെട്ട അഞ്ച് ലക്ഷത്തിലധികം അക്കൗണ്ടുകൾക്കെതിരെ മെറ്റാ നടപടി സ്വീകരിച്ചിട്ടുണ്ട് ഇത്തരം അക്കൗണ്ട് ഉടമകൾക്ക് പണം സമ്പാദിക്കാൻ കഴിയില്ലെന്നും അവരുടെ പോസ്റ്റുകളുടെ വ്യാപ്‍തി അഥവാ വിതരണം കുറയുമെന്നും അർഥമാക്കുന്നു.
ഏതെങ്കിലും കണ്ടൻറിൻറെ ഡ്യൂപ്ലിക്കേറ്റ് പകർപ്പ് തങ്ങളുടെ സിസ്റ്റം കണ്ടെത്തിയാൽ, അതിൻറെ സർക്കുലേഷൻ കുറയ്ക്കുമെന്നും അതുവഴി യഥാർഥ കണ്ടൻറ് ക്രിയേറ്റേഴ്സിന് കൂടുതൽ മുൻഗണന നൽകുമെന്നും ഫേസ്ബുക്ക് പറയുന്നു.ഒരു വീഡിയോയെക്കുറിച്ച് ഒരു ക്രിയേറ്റർ തൻറെ അഭിപ്രായം പറയുന്നതിലോ പ്രതികരണ വീഡിയോ നിർമ്മിക്കുന്നതിലോ ഒരു ട്രെൻഡിനെക്കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതിലോ പ്രശ്‌നമില്ലെന്ന് മെറ്റാ പറയുന്നു. എന്നാൽ അനുമതിയോ ക്രെഡിറ്റോ ഇല്ലാതെ മറ്റൊരാളുടെ സൃഷ്‍ടി മോഷ്‍ടിക്കുന്നത് ഇനി അനുവദിക്കില്ലെന്നും മെറ്റ വ്യക്തമാക്കുന്നു.
ഫേസ്ബുക്കിൻറെ ഈ പുതിയ നിയമം യഥാർഥ കണ്ടൻറ് ക്രിയേറ്റേഴ്സിന് വലിയ നേട്ടം നൽകും. കൂടാതെ അവരുടെ കഠിനാധ്വാനത്തിന് ശരിയായ അംഗീകാരവും ലഭിക്കും.