ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധത്തില്‍ അമേരിക്കക്ക് നേട്ടമുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും, യഥാര്‍ത്ഥത്തില്‍ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ . പ്രധാന വ്യാപാര പങ്കാളികളെ വരുതിയിലാക്കി, വ്യാപാര കമ്മി കുറച്ച്, കോടിക്കണക്കിന് ഡോളര്‍ വരുമാനം ഖജനാവിലെത്തിക്കാനുള്ള ട്രംപിന്റെ നയങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടാന്‍ സാധ്യതയാണ് കാണുന്നതെന്ന് വിദഗ്ധർ പറയുന്നത്.
ട്രംപ് അധികാരമേറ്റ ദിവസം അമേരിക്കയുടെ ശരാശരി താരിഫ് നിരക്ക് ഏകദേശം 2.5 ശതമാനമായിരുന്നു. എന്നാല്‍, നിലവില്‍ ഇത് 17-19 ശതമാനമായി ഉയര്‍ന്നു. അറ്റ്ലാന്റിക് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇത് 20 ശതമാനത്തിന് അടുത്തേക്ക് എത്താനാണ് സാധ്യത. നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന താരിഫ് നിരക്കാണിത്. താരിഫ് വര്‍ധനവ് യുഎസിലെ തൊഴില്‍, വളര്‍ച്ച, പണപ്പെരുപ്പം എന്നിവയെ ബാധിച്ചുതുടങ്ങിയതായി ചില കണക്കുകള്‍ സൂചിപ്പിക്കുന്നു.
ട്രംപ് മറ്റ് രാജ്യങ്ങളില്‍ നിന്ന് വലിയ ഇളവുകള്‍ നേടുന്നുണ്ടെങ്കിലും സാമ്പത്തികമായി അദ്ദേഹം ഈ വ്യാപാരയുദ്ധത്തില്‍ വിജയിക്കുന്നില്ലെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക നയ വിഭാഗം മേധാവി മൈക്കല്‍ സ്ട്രെയിന്‍ പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ സ്വന്തം ജനതയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാന്‍ മടിക്കുമ്പോള്‍, ട്രംപ് അമേരിക്കന്‍ ജനതയ്ക്ക് സാമ്പത്തിക പ്രയാസങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.