ചാറ്റ്ബോട്ടിനോട് ആരോഗ്യകാര്യങ്ങൾ ചോദിക്കുന്നത് അപകടകരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പുതിയ സംഭവം. ചാറ്റ് ജി.പി.ടി നിർദ്ദേശിച്ച ഭക്ഷണക്രമം സ്വീകരിച്ച വ്യക്തി തുടർന്ന് മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാട്ടുകയായിരുന്നു. ദാഹിക്കുന്നു എന്ന് പറഞ്ഞ രോഗിക്ക് വെള്ളം കണ്ടപ്പോൾ ഭയപ്പെടാൻ തുടങ്ങിയിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഇയാൾ വെളിപ്പെടുത്തിയത് കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണത്തിൽ സാധാരണ ഉപ്പിന് പകരം താൻ സോഡിയം ബ്രോമൈഡാണ് ഉപയോഗിച്ചിരുന്നതെന്നാണ്.
ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിർമ്മിത ബുദ്ധി പര്യാപ്തമല്ല എന്ന കാര്യം മുമ്പേ തന്നെ ചർച്ചയായിരുന്നതാണ്. ഈ സംഭവത്തോടെ ശാരീരികമായ പ്രശ്നങ്ങൾ നേരിടാനും എ.ഐ സംവിധാനത്തിന് കഴിയില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. രോഗലക്ഷണങ്ങളും ആരോഗ്യപരമായ കാര്യങ്ങൾക്കും ഉത്തരം തേടി ഗൂഗിളിനെ സമീപിക്കരുതെന്ന് വിദഗ്ധർ പലപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
തങ്ങളുടെ സേവനങ്ങൾ ഏതെങ്കിലും ആരോഗ്യസ്ഥിതിയുടെ രോഗനിർണയത്തിലോ ചികിത്സയിലോ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് നേരത്തേ തന്നെ ചാറ്റ് ജി.പി.ടി അധികൃതർ വ്യക്തമാക്കിയിരുന്നതാണ്. അതിനാൽ ഇത്തരം കാര്യങ്ങളിൽ എഐ ചാറ്റ്ബോട്ടുകളോട് ഉപദേശം തേടരുത്.